ആളിയാര്‍ ഡാമിന്റെ 9 ഷട്ടറുകള്‍ തുറന്നു; ചിറ്റൂര്‍ പുഴയില്‍ ജാഗ്രതാ നിര്‍ദേശം

പാലക്കാട്: കനത്ത മഴയെത്തുടർന്ന് തമിഴ്‌നാട്ടിലെ ആളിയാർ ഡാമിന്റെ 9 ഷട്ടറുകൾ തുറന്നു. 2,500ഘനയടി ജലമാണ് ഒഴുക്കിവിടുന്നത്. മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ടിവരുന്ന സാഹചര്യത്തിൽ ചിറ്റൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു.

തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് ഒഴികെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ഒക്ടോബർ 20 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ/ഇടി/ മിന്നലിനും സാധ്യത. ഒക്ടോബർ 20 നു ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കുംസാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.

Top