ജയരാജനെ പ്രതി ചേര്‍ത്ത സംഭവം; നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് വിഎസ്

കോഴിക്കോട്: ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ നടപടി എടുത്തതിനെ രാഷ്ട്രീയപരമായി കാണേണ്ടതില്ല, നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും വിഎസ് വ്യക്തമാക്കി.

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി പി.ജയരാജനും, ടി.വി രാജേഷ് എംഎല്‍എയ്ക്കുമെതിരെ തയ്യാറാക്കിയ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സിബിഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ചത്.

എന്നാല്‍ സിബിഐ നടപടി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും യോജിച്ച രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ നിലപാടാണ് വിഎസ് തള്ളിയിരിക്കുന്നത്.

Top