ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിന് ഇന്ന് നിര്‍ണായക ദിനം

കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ഏത് കോടതിയില്‍ വേണമെന്ന കാര്യത്തില്‍ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് തീരുമാനമെടുക്കും. എറണാകുളം സിജെഎം കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കും എതിരെയുള്ള സിബിഐ കുറ്റപത്രം സ്വീകരിക്കണോ തള്ളണോയെന്നും കോടതി ഇന്ന് തീരുമാനിക്കും. ഇവരുള്‍പ്പെടെ ആറ് പ്രതികൾ നൽകിയ വിടുതൽ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്.

പി.ജയരാജനെയും ടി.വി.രാജേഷ് എം.എല്‍.എയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെച്ച് കൊലപാതക ഗൂഢാലോചന നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പി. ജയരാജനെതിരെ കൊലക്കുറ്റവും ടി.വി.രാജേഷിനെതിരെ ഗൂഢാലോചനക്കുറ്റവുമാണ് സിബിഐ ചുമത്തിയിട്ടുള്ളത്.

Top