ജയരാജനെതിരായ കൊലക്കുറ്റത്തിന് പിന്നിൽ കേന്ദ്രത്തിന്റെ അജണ്ടയോ ?

ല്ലാ കൊലപാതകങ്ങളും ആക്രമണങ്ങളും അപലപിക്കപ്പെടേണ്ടത് തന്നെയാണ്. യഥാര്‍ത്ഥ പ്രതികളെ ജയിലിലടക്കേണ്ടതും നിര്‍ബന്ധമാണ്. എന്നാല്‍ ഇതിനെല്ലാം സത്യസന്ധമായ അന്വേഷണം അനിവാര്യമാണ്. പൊതു സമൂഹത്തില്‍ സംശയത്തിന് ഇടനല്‍കുന്ന സാഹചര്യം ഒരു അന്വേഷണ ഏജന്‍സിയും സൃഷ്ടിക്കരുത്. അത് സംസ്ഥാന പൊലീസായാലും സി.ബി.ഐ ആയാലും ഇക്കാര്യം ബാധകമാണ്.

കണ്ണൂരിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഇപ്പോള്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റവും ടി.വി രാജേഷ് എം.എല്‍.എക്ക് എതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിരിക്കുകയാണ്.

കേസിന്റെ ആദ്യഘട്ടത്തില്‍ 118ാം വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമാണ് സി.ബി.ഐ ചുമത്തിയിരുന്നത്. ഇതില്‍ നിന്നും പ്രകടമായ മാറ്റം വരുത്തിയാണ് ഇപ്പോള്‍ കൊലക്കുറ്റം തന്നെ ചുമത്തിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സി.ബി.ഐയുടെ ഈ നടപടിക്കെതിരെ ഇതിനകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. 2016ല്‍ നടന്ന കൊലപാതക കേസിലെ കുറ്റപത്രം വലിച്ച് നീട്ടി ലോകസഭ തിരഞ്ഞെടുപ്പ് വരെ എത്തിച്ചത് തന്നെ എന്തിനാണെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

സി.പി.എമ്മിനെയും അതിന്റെ നേതാക്കളെയും കൊടും ശത്രുക്കളായി കാണുന്നവര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ഏഴു വര്‍ഷത്തെ ഇടവേള എന്തിനായിരുന്നു എന്ന ചോദ്യം പ്രസക്തം തന്നെയാണ് ഇവിടെയാണ് സി.ബി.ഐയുടെ ഉദേശ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരായി കേന്ദ്ര ഏജന്‍സികള്‍ രാജ്യവ്യാപകമായി പിടിമുറുക്കിയ സാഹചര്യത്തില്‍.

കണ്ണൂര്‍ ജില്ലയിലെ സി.പി.എം നേതാക്കള്‍, പ്രത്യേകിച്ച് പി.ജയരാജന്‍, സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് എന്നും കണ്ണിലെ കരടാണ്. ഈ കരട് നീക്കം ചെയ്യാനാണ് ഒരു തിരുവോണനാളില്‍ ജയരാജനെ വധിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നത്. മന:കരുത്ത് കൊണ്ടു മാത്രമാണ് അന്ന് ‘ കാല’ നെ ഈ കമ്യൂണിസ്റ്റ് ഓടിച്ച് വിട്ടത്. ജയരാജന്റെ സ്വാധീനം നഷ്ടപ്പെട്ട ഒര കൈ ഇന്നും ആ പഴയ ആക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അടികൊണ്ടാല്‍ അത് വാങ്ങി വീട്ടില്‍ പോയി കരയാനല്ല, മറിച്ച് തിരിച്ച് ചോദിക്കാന്‍ തന്നെയാണ് ജയരാജന്‍ സഖാക്കളെ പഠിപ്പിച്ചത്. ഇതിന്റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വന്നതാണ് ജയരാജനെ സംഘപരിവാറിന്റെ കണ്ണിലെ കരടാക്കിയത്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേരളത്തിലും പ്രത്യകിച്ച് കണ്ണൂരിലും സി.ബി.ഐയെ ഉപയോഗപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ മുന്‍പും വിവാദമായിരുന്നു. ശക്തമായാണ് ഈ നീക്കങ്ങള്‍ക്കെതിരെ സി.പി.എം പ്രതിരോധം തീര്‍ത്ത് രംഗത്ത് വന്നിരുന്നത്.

കമ്യൂണിസ്റ്റ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി കണ്ണൂരില്‍ നിന്ന് തലസ്ഥാനത്തേക്ക് ആരംഭിച്ച ബിജെപി മാര്‍ച്ച് നയിക്കാന്‍ സാക്ഷാല്‍ അമിത് ഷാ തന്നെയാണ് എത്തിയിരുന്നത്. കൂടെ കേന്ദ്രമന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പട തന്നെ ഉണ്ടായിരുന്നു. രാജ്യത്ത് ഒരു സംസ്ഥാന ഭരണ കൂടത്തിനും എതിരെ നടത്താത്ത പ്രതിഷേധമാണ് സംഘപരിവാര്‍ സംഘടനകള്‍ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനും എതിരെ നടത്തിയത്.

ഡല്‍ഹി മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധങ്ങളുണ്ടായി. കൊലവിളിയുണ്ടായി, രാജ്യ വ്യാപകമായി കാവി പട തീര്‍ത്ത ഈ പ്രതിഷേധാഗ്‌നി പിന്നിട് സ്വയം കെട്ടടങ്ങുകയായിരുന്നു.

ദേശീയ തലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടിയത് കണ്ണൂരിലെ സി.പി.എം ആക്രമണമായിരുന്നു. എന്നാല്‍ കേരളത്തില്‍ പിടഞ്ഞ് വീണ 236 സി.പി.എം പ്രവര്‍ത്തകരുടെ എണ്ണം ചൂണ്ടിക്കാട്ടി ഫലപ്രദമായി ഈ പ്രചരണത്തെ അതിജീവിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞതോടെയാണ് പിണറായി സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള സംഘപരിവാര്‍ അജണ്ട പൊളിഞ്ഞത്.

വീണ്ടും ഒരു ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ സി.പി.എം തകര്‍ന്നടിയണം എന്ന അജണ്ട വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവിടെ യു.ഡി.എഫ് വിജയിച്ചാലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കരുതെന്നാണ് ബി.ജെ.പിയും ആര്‍.എസ്.എസും ആഗ്രഹിക്കുന്നത്.

തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ വിജയിക്കുക മറ്റിടങ്ങളില്‍ സി.പി.എം സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കുക എന്നതാണ് കാവിപ്പടയുടെ നയം. ഈ നിലപാടിനെ കോ-ലീ-ബി സഖ്യമായി സി.പി.എം തന്നെ ആരോപിക്കുമ്പോഴാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സി.ബി.ഐ അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്.

ജയരാജനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്യാന്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഈ നടപടി സഹായകരമാകുമെന്നാണ് ഇരു പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ കരുതുന്നത്. പ്രത്യേകിച്ച് കണ്ണൂര്‍ ലോകസഭ മണ്ഡലം പിടിച്ചെടുക്കാന്‍ സുധാകരനെ തന്നെ യു.ഡി.എഫ് രംഗത്തിറക്കുന്ന സാഹചര്യത്തില്‍ സി.ബി.ഐ കുറ്റപത്രം സജീവ ചര്‍ച്ചയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.

എന്നാല്‍ ഈ നീക്കങ്ങളൊന്നും തന്നെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്. ഷൂക്കൂര്‍ വധക്കേസില്‍ കോടതി വിധി അനുകൂലമാകുമെന്നും സി.ബി.ഐ വാദങ്ങള്‍ പൊളിച്ചടുക്കുമെന്നുമാണ് ചെമ്പടയുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

Political Reporter

Top