ഷുഹൈബ് വധക്കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി; അറസ്റ്റിനു സാധ്യത

Shuhaib1

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെയോടെ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. സിപിഎം പ്രാദേശിക നേതാക്കളോടൊപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. ഇവരെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നെന്നാണ് പൊലീസ് സൂചന നൽകിയത്.

പ്രതികളെ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്ന മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാകാം ഇവരെ പ്രാദേശിക നേതൃത്വം കീഴടങ്ങാനുള്ള നീക്കം നടത്തിയത്. കീഴടങ്ങിയ ആകാശിന് വേണ്ടി കഴിഞ്ഞ മൂന്നുദിവസമായി പോലീസ് ശക്തമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊലീസിനെ വെട്ടിച്ച് ആകാശ് കടന്നുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ കീഴടങ്ങിയത്.

തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആകാശ് വര്‍ഷങ്ങളായി ഒളിവിലാണ്. പിടിയിലായ ആകാശിന് പാര്‍ട്ടിയുടെ ഔദ്യോഗിക അംഗത്വമില്ല. എന്നാല്‍ ഇയാളുടെ അച്ഛനും അമ്മയും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ്.

അതേസമയം, മറ്റുള്ള പ്രതികള്‍ക്കായി തില്ലങ്കേരി, മട്ടന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുടക്കോഴിമല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.

കൊലപാതകം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്നത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ കോണ്‍ഗ്രസ് വലിയ ആരോപണമാണ് ഉയര്‍ത്തിയിരുന്നത്.

അറസ്റ്റിനൊപ്പം കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും കണ്ടെടുക്കുന്നതിനുള്ള റെയ്ഡുകളും ഇന്നും തുടരും. കണ്ണൂര്‍ എസ്.പി നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇന്നും ഉപവാസ സമരം നടത്തും.

കണ്ണൂരിലെ എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തി, ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും വൈകിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുന്നതിന് മുമ്പ് ഷുഹൈബ് മരിച്ചിരുന്നു.

Top