ഷുഹൈബ് വധക്കേസ്; ക്വട്ടേഷന്‍ നല്‍കിയവരെ തിരഞ്ഞ് പൊലീസ്

Shuhaib1

മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇനി പിടികൂടാനുള്ളത് ക്വട്ടേഷന്‍ നല്‍കിയവരെ. ആക്രമിസംഘത്തിലെ അഞ്ചു പേരെയും പിടികൂടിയതതോടെയാണ് കൊല്ലാന്‍ നിര്‍ദ്ദേശം നല്‍കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. വെട്ടാനാണ് നിര്‍ദേശം നല്കിയതെന്ന് സംഭവത്തില്‍ ആദ്യം അറസ്റ്റിലായ ആകാശ് തില്ലങ്കേരി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 11 പേരാണ് നിലവില്‍ അറസ്റ്റിലായത്. കൊലയാളി സംഘത്തിലെ അഞ്ച് പേരും പ്രതികള്‍ക്ക് രക്ഷപ്പെടാനും ആയുധങ്ങള്‍ സൂക്ഷിക്കാനും ഷുഹൈബിനെക്കുറിച്ചു വിവരം നല്‍കാനും സഹായിച്ച ആറ് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.

തിങ്കളാഴ്ച അറസ്റ്റിലായ രണ്ടു സിപിഎം പ്രവര്‍ത്തകരെ ഇന്നു മട്ടന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് സിപിഎം പ്രവര്‍ത്തകനും ചാലോട് ടൗണിലെ ചുമട്ടുതൊഴിലാളിയുമായ തെരൂര്‍ പാലയോട്ടെ സാജ് നിവാസില്‍ കെ.ബൈജു (36), കാക്കയങ്ങാട് ടൗണിലെ ചുമട്ടുതൊഴിലാളി മുഴക്കുന്ന് പാലയിലെ കൃഷ്ണ നിവാസില്‍ സി.എസ്. ദീപ്ചന്ദ് (25) എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എ.വി. ജോണും സംഘവും അറസ്റ്റു ചെയ്തത്.

കൊലപാതക സംഘത്തിലുണ്ടായിരുന്നയാളാണ് ദീപ്ചന്ദ്. ആയുധം സൂക്ഷിക്കാന്‍ സഹായം നല്‍കിയതിനാണ് ബൈജുവിനെ അറസ്റ്റു ചെയ്തത്. ഷുഹൈബിനെ അക്രമിക്കുന്നതിനിടെ ദീപ് ചന്ദിന് മുഖത്ത് പരിക്കേറ്റിരുന്നു. കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലു പ്രതികളെ കൂടുതല്‍ ചോദ്യം ചെയുന്നതിനു തിങ്കളാഴ്ച കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മുഴക്കുന്നിലെ ജിതിന്‍, തില്ലങ്കേരി ആലയട്ടെ അന്‍വര്‍, തെരൂര്‍ പാലയോട് സ്വദേശികളായ അഷ്‌കര്‍, അഖില്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ മാസം 12-നു രാത്രിയാണ് തെരൂര്‍ തട്ടുകടയില്‍ വച്ചു ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗൂഡാലോചന നടത്തിയവര്‍ ഇനിയും പിടിയിലാകാനുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കായി വേണ്ടി തെരച്ചല്‍ നടത്തി വരികയാണ്. ഇതിനിടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്നു സിഐ എ.വി.ജോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കും.

Top