ഷുഹൈബ് വധക്കേസ് പ്രതിയുടെ സഹോദരിയുടെ ജോലി വിവാദം;ശുപാര്‍ശ ചെയ്ത നേതാവിനെ പുറത്താക്കി കോണ്‍ഗ്രസ്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതികളിലൊരാളുടെ സഹോദരിക്ക് കോണ്‍ഗ്രസ് ഭരിക്കുന്ന ആശുപത്രിയില്‍ ജോലി നല്‍കിയതിനെച്ചൊല്ലി കണ്ണൂരിലെ കോണ്‍ഗ്രസില്‍ വിവാദവും നടപടിയും.

യുവതിക്ക് നിയമനത്തിനായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് നടപടിയെടുത്തത്. ചുമതലയോ അധികാരമോ ഇല്ലാതിരിക്കെ മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ പരിധിയില്‍ വരുന്നയാള്‍ക്ക് വേണ്ടി വ്യാജ ശുപാര്‍ശക്കത്ത് നല്‍കി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാക്കോ തൈക്കുന്നേലിനെതിരെ പാര്‍ട്ടി നടപടി എടുത്തത്.

ഷുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ സഹോദരിക്കാണ് ചാക്കോ തൈക്കുന്നേലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ജനുവരി 26ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നേഴ്സായി താല്‍ക്കാലിക നിയമനം നല്‍കി ജോലി കൊടുത്തത്. സംഭവം വാര്‍ത്തയായതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഷുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറയുകയും ഒപ്പം ആശുപത്രിയില്‍ നിന്ന് യുവതിയെ പുറത്താക്കിക്കൊണ്ടുള്ള പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

അതേസമയം യോഗ്യതയും മുന്‍പരിചയും ഉണ്ടെന്ന് കണ്ടതിനാലും ജീവനക്കാരുടെ കുറവും കണക്കിലെടുത്താണ് പെട്ടെന്ന് നിയമനം നടത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ജനുവരി 26ന് ആശുപത്രിയില്‍ നഴ്‌സായി താല്‍ക്കാലിക നിയമനം നേടിയ യുവതി സംഭവം പാര്‍ട്ടിയില്‍ വിവാദമായതോടെ ഈ മാസം 18ന് ശമ്പളം പോലും വാങ്ങാതെ രാജിവെച്ചുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Top