ഷുഹൈബ് വധക്കേസ് ; സി.ബി.ഐ സംഘം സി.ആര്‍.പി.എഫിന്റെ സഹായം തേടും . . !

ചെന്നൈ: ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ കേസ് ഏറ്റെടുക്കുമെന്ന് സി.ബി.ഐ കേന്ദ്രങ്ങള്‍.

‘ഏറെ സെന്‍സേഷന്‍ സൃഷ്ടിച്ച കേസായതിനാല്‍ കേസ് ഡയറി പരിശോധിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ പറ്റൂ. ഏത് യൂണിറ്റ് കേസ് കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ സി.ബി.ഐ ഡയറക്ടറേറ്റില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും’ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ചെന്നൈ സി.ബി.ഐ ജോ. ഡയറക്ടറേറ്റിനു കീഴിലാണ് കേരളത്തിലെ രണ്ട് സി.ബി.ഐ യൂണിറ്റുകളും വരുന്നത്.

ഇതില്‍ കൊച്ചി യൂണിറ്റ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്.

തിരുവനന്തപുരത്തെ യൂണിറ്റാണ് ഇത്തരം കുറ്റാന്വേഷണ കേസുകള്‍ അന്വേഷിച്ച് വരുന്നത്.

കേസ് ബാഹുല്യം മൂലം ഉദ്യോഗസ്ഥ ക്ഷാമം ഉള്ളതിനാല്‍ ഷുഹൈബ് വധകേസ് അന്വേഷിക്കാന്‍ മറ്റ് യൂണിറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ഏത് യൂണിറ്റ് അന്വേഷിച്ചാലും മേല്‍നോട്ട ചുമതല സി.ബി.ഐ ജോ. ഡയറക്ടര്‍ക്ക് തന്നെയായിരിക്കും.

കേരളത്തിലെ ഭരണകക്ഷിയായ സി.പി.എം ആണ് പ്രതിസ്ഥാനത്ത് എന്നതിനാല്‍ അന്വേഷണത്തില്‍ കേരള പൊലീസിന്റെ സഹകരണം സി.ബി.ഐ പ്രതീക്ഷിക്കുന്നില്ല.

ഹൈക്കോടതി സംസ്ഥാന പൊലീസിനോട് സി.ബി.ഐക്ക് ആവശ്യമായ സഹായം ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണം ഏറ്റെടുത്താല്‍ ‘നിര്‍ണ്ണായക’ നടപടികള്‍ സ്വന്തം നിലക്ക് തന്നെ സി.ബി.ഐ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇതിനായി ആവശ്യമെങ്കില്‍ കേന്ദ്ര സേനയുടെ സഹായമാണ് തേടുക.

സംസ്ഥാന പൊലീസിനെ ആശ്രയിക്കുന്നത് രഹസ്യങ്ങള്‍ ചോരാന്‍ കാരണമാകുമെന്ന് കണ്ടാണിത്.

മുന്‍പ് ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്യുമ്പോള്‍ യു.ഡി.എഫ് ആയിരുന്നു ഭരണത്തില്‍.

ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തില്‍ സി.പി.എം കോട്ടയായ കണ്ണൂരില്‍ അന്വേഷണവുമായി പോകുന്നതും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുന്നതും വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന തിരിച്ചറിവ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ക്കുമുണ്ട്.

അതുകൊണ്ട് തന്നെ സംസ്ഥാന പൊലീസിന്റെ സുരക്ഷയേക്കാള്‍ കേന്ദ്ര സേനയുടെ സുരക്ഷയാണ് സി.ബി.ഐയും ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

അതേസമയം സി.ബി.ഐയെ കാട്ടി വിരട്ടാന്‍ നോക്കണ്ടന്ന് പറഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഏത് വെല്ലുവിളിയും പാര്‍ട്ടി നേരിടുമെന്നും വ്യക്തമാക്കി.

സി.ബി.ഐ ‘കടുത്ത’ നടപടികള്‍ക്ക് തുനിഞ്ഞാല്‍ അത് സി.പി.എം – സി.ബി.ഐ ഏറ്റുമുട്ടലായി മാറാനും കേന്ദ്ര ഇടപെടലില്‍ വരെ കാര്യങ്ങള്‍ ചെന്നവസാനിക്കാനും സാധ്യതയുണ്ട്.

ഫെഡറല്‍ സംവിധാനമുള്ള രാജ്യത്ത് ഒരു സംസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ക്ക് ഏതെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ഇടപെടേണ്ടതും കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതും സംസ്ഥാന പൊലീസാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാധ്യമ പ്രവര്‍ത്തകനായ ഉണ്ണിത്താന്‍ വധശ്രമ കേസില്‍ സംസ്ഥാന പൊലീസിലെ ഡി.വൈ.എസ്.പിയായിരുന്ന അബ്ദുള്‍ റഷീദിനെ സി.ബി.ഐ കസ്റ്റഡിയില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ സി.ബി.ഐയുടെ കൊച്ചിയിലെ ഓഫീസില്‍ പൊലീസ് റെയ്ഡ് നടത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു.

വലിയ വിവാദമുണ്ടാക്കിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറും സി.ബി.ഐ ഡയറക്ടറേറ്റും വരെ ഇടപെട്ടിരുന്നു.

രാജ്യത്തെ അന്വേഷണ എജന്‍സികളെയാകെ അമ്പരിപ്പിച്ച സംഭവമായിരുന്നു അത്.

സി.ബി.ഐയിലൂടെ ബി.ജെ.പി പകപോക്കല്‍ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ആരോപിക്കുന്ന സി.പി.എം, ഏതെങ്കിലും നേതാവിനെ ഷുഹൈബ് വധകേസില്‍ ‘അകാരണമായി ‘ ചോദ്യം ചെയ്താല്‍ പോലും പ്രശ്‌നമുണ്ടാക്കുമെന്ന കാര്യവും ഉറപ്പാണ്.

സി.ബി.ഐ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്ന് ചോദ്യം ചെയ്യാന്‍ വിളിച്ചവര്‍ പരാതിപ്പെട്ടാല്‍ ലോക്കല്‍ പൊലീസിന് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും വകുപ്പുണ്ട്.

കേരളത്തെ പിടിച്ചുലച്ച ഈ കൊലക്കേസ് കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്.

Top