ഷുഹൈബ് വധക്കേസ്; ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി. കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി.

പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു. കേസില്‍ കൊലപാതകം, ഗൂഢാലോചന എന്നിങ്ങനെ രണ്ട് കുറ്റപത്രങ്ങളാണുള്ളത്.

Top