ഷുഹൈബ് വധം; കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

shuhaib

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് പൊലീസ് പരിശോധനയില്‍ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു.

മട്ടന്നൂരിന് സമീപം വെള്ളാംപറമ്പില്‍ നിന്നാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഷുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് പ്രതികള്‍ ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ തന്നെയാണോ കണ്ടെടുത്തതെന്ന് പൊലീസ് പരിശോധിക്കുകയാണ്.

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ചൊവ്വാഴ്ച ഉന്നയിച്ചത്. ‘ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല’ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് ആയുധങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. പ്രതികള്‍ ഉപയോഗിച്ച വാഹനവും ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കണ്ടെടുത്തത്.

പൊലീസ് സിപിഎം പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ആരോപണമുന്നയിച്ചിരുന്നു.

Top