ഗിൽ ഇന്ത്യന്‍ ടീമിന്റെ ഭാവി ഇതിഹാസ താരമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍

ചെന്നൈ: യുവതാരം ശുഭ്മാന്‍ ഗിൽ ഇന്ത്യന്‍ ടീമിന്റെ ഭാവി ഇതിഹാസ താരമാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഒരു ഇതിഹാസ താരമാകാന്‍ വേണ്ട എല്ലാ കരുത്തും മികവും ഗില്ലിനുണ്ടെന്നും അടുത്ത പത്തുവര്‍ഷത്തിനകം താരം ലോകത്തിലെത്തന്നെ ഏറ്റവും മികച്ച ടെസ്റ്റ് ക്രിക്കറ്ററാകുമെന്നും ഹോഗ് പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മികച്ച ഫോമിന്റെ അടിസ്ഥാനത്തിലാണ് ഗില്ലിനെ പുകഴ്ത്തി ഹോഗ് രംഗത്ത് വന്നിരിക്കുന്നത്.

‘ക്രിക്കറ്റ് ഫോര്‍മാറ്റിലെ എല്ലാവിധ ഷോട്ടുകളും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗിൽ. ഓസ്‌ട്രേലിയയിലെ താരത്തിന്റെ പ്രകടനം എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഓസിസ് ബൗളര്‍മാര്‍ ഷോര്‍ട്ട് ബോളുകള്‍ നിരന്തരമായി താരത്തിനെതിരേ എറിഞ്ഞെങ്കിലും അതിനെ വിദഗ്ധമായി നേരിടാന്‍ ഗില്ലിന് സാധിച്ചു. അദ്ദേഹത്തിന്റെ ഹുക്ക് ഷോട്ടുകള്‍ കാണാന്‍ എന്തൊരു രസമാണ്.’ യൂട്യൂബ് ചാനല്‍ വഴി ഹോഗ് പറഞ്ഞു.

ഇരുപത്തൊന്നുകാരനായ ഗില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 259 റണ്‍സാണ് താരം അടിച്ചെടുത്തത്. 51.80 ആയിരുന്നു ഓസിസിനെതിരായ ഗില്ലിന്റെ ആവറേജ്.

Top