ശ്രീറാമിന്റെ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് തടഞ്ഞില്ലെന്നും ശ്രീറാമിനെതിരായ തെളിവുകള്‍ അയാള്‍ തന്നെ കൊണ്ടുവരുമെന്നാണോ പോലീസ് കരുതിയിരിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. തലസ്ഥാനത്ത് ഗവര്‍ണര്‍ അടക്കം താമസിക്കുന്ന തന്ത്രപ്രധാന മേഖലകളിലെ റോഡുകളില്‍ സിസിടിവി ഇല്ലെന്ന് പറയാന്‍ പോലീസിന് എങ്ങനെ കഴിയുന്നുവെന്നും കോടതി ചോദിച്ചു. ശ്രീറാമിന് ജാമ്യം നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിമര്‍ശനം.

അതേസമയം മജിസ്‌ട്രേറ്റ് കോടതി ശ്രീറാം വെങ്കിട്ടരാമന് നല്‍കിയ ജാമ്യത്തിന് അടിയന്തര സ്റ്റേ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രം ആണെന്നിരിക്കെ ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് കേസ് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.

കേസില്‍ ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. അത് കൊണ്ടുതന്നെ മജിസ്‌ട്രേറ്റ് കോടതിയുടെ ജാമ്യ നടപടികള്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ബോധപൂര്‍വ്വം ശ്രമിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു.

Top