മാധ്യമപ്രവര്‍ത്തകന്റെ മരണം; പൊലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് എ.കെ. ശശീന്ദ്രന്‍

തിരുവനന്തപുരം: സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് സിറാജ് ദിനപത്രം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.

കുറ്റം ചെയ്തവരെ രക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്നും പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഉച്ചക്ക് മുമ്പ് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ കാറോടിച്ചത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇതോടെ, ശ്രീറാം വെങ്കിട്ടരാമനും ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനും കുരുക്ക് മുറുകി. ശ്രീറാമിനും സുഹൃത്ത് വഫ ഫിറോസിനുമെതിരെ പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഒപ്പമുണ്ടായിരുന്ന യുവതിയും പെലീസിന് മോഴി നല്‍കിയിട്ടുണ്ട്.

Top