കോവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചു

തിരുവനന്തപുരം: ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ കോവിഡ് ഡാറ്റ മാനേജ്‌മെന്റിന്റെ നോഡല്‍ ഓഫിസറായി നിയമിച്ചു. ആരോഗ്യവകുപ്പാണ് നിയമനം നടത്തിയത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യ വകുപ്പില്‍ സുപ്രധാന ചുമതല നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ മറ്റൊരു ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സുപ്രധാന ചുമതലയിലേക്ക് ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയിരിക്കുകയാണ്.

സംസ്ഥാനത്തെ ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജന്‍ ബെഡുകള്‍, വെന്റിലേറ്റര്‍ ഡേറ്റ, തുടങ്ങിയവ ആഴ്ചയില്‍ റിവ്യു ചെയ്യുക എന്നതാണ് കൊവിഡ് ഡാറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറുടെ പധാന ചുമതല. ഇക്കാര്യം പരിശോധിക്കാന്‍ ഒരു സംഘം തന്നെയുണ്ട്. ഈ സംഘത്തിന്റെ തലവനാണ് ശ്രീരാം വെങ്കിട്ടരാമന്‍.

Top