ശ്രീറാമിന് കേരളത്തിൽ ‘രക്ഷയില്ലന്ന് ‘ ഒടുവിൽ കേന്ദ്രത്തിൽ ഡെപൂട്ടേഷൻ ?

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ കേന്ദ്ര സര്‍ക്കാറിനു കീഴില്‍ ഡെപ്യൂട്ടേഷന്‍ സാധ്യതയും പരിഗണിക്കുന്നു. തനിക്കെതിരായ കേസില്‍ കോടതി വെറുതെ വിട്ടാലും കീ പോസ്റ്റുകളില്‍ ഒന്നും ഭരണകൂടം നിയോഗിക്കില്ലെന്ന തിരിച്ചറിവാണ് ഡെപ്യൂട്ടേഷനില്‍ പോകാന്‍ ശ്രീറാമിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. കോടതി വെറുതെ വിട്ടാലും മത സംഘടനയുടെയും മാധ്യമങ്ങളുടെയും സ്വാധീനത്തിന് സര്‍ക്കാറുകള്‍ക്ക് വഴങ്ങേണ്ടി വരുന്നടത്തോളം കാലം ശ്രീറാമിന് നല്ലൊരു പോസ്റ്റുകിട്ടാന്‍ സാധ്യത കുറവാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ശ്രീറാം ഡെപ്യൂട്ടേഷനില്‍ പോകുന്നതാണ് നല്ലതെന്നാണ് സുഹൃത്തുക്കളുടെയും അഭിപ്രായം. ഡെപ്യൂട്ടേഷനില്‍ പോകുന്നതിന് ശ്രീറാമിന് ക്ലിയറന്‍സ് ആവശ്യമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ ഇതും മറികടന്ന് ഡെപ്യൂട്ടേഷന്‍ ഒരുപക്ഷേ സാധ്യമാക്കാന്‍ കഴിഞ്ഞേക്കും. ആ പ്രതീക്ഷയിലാണ് സകല നീക്കങ്ങളും നടക്കുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തില്‍ തുടരാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആഗ്രഹിക്കുന്നില്ല. ആലപ്പുഴ കളക്ടര്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയതിനെ ശക്തമായി വിമര്‍ശിച്ച ഏകപാര്‍ട്ടി ബി.ജെ.പിയാണ്. മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി എന്നാണ് കെ. സുരേന്ദ്രന്‍ തുറന്നടിച്ചിരുന്നത്. ശ്രീറാം ഡെപ്യൂട്ടേഷനില്‍ പോകാന്‍ തീരുമാനിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാനുള്ള സാധ്യത അതുകൊണ്ടു തന്നെ ഏറെയാണ്. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയാണ് നിലവില്‍ എറണാകുളം കളക്ടര്‍. തടസ്സങ്ങള്‍ മറികടന്ന് ശ്രീറാമിനു ഡെപ്യൂട്ടേഷന്‍ സാധ്യമായാല്‍ കേരളത്തില്‍ തന്നെ നിയമനം ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലെ എന്‍ഫോഴ്‌സ് മെന്റ് ജോയന്റ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നത് ഒരു ഐ.എ.എസ് ഓഫീസറെ ആയിരുന്നു. ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചാല്‍ ശ്രീറാം വെങ്കിട്ടരാമനും സാധ്യതയുണ്ട്. വിവാദ സ്വര്‍ണ്ണക്കടത്തു കേസുമുതല്‍ സുപ്രധാനമായ നിരവധി കേസുകള്‍ കൈകാര്യം ചെയ്യുന്നത് കൊച്ചിയിലെ ഇ.ഡി. ആസ്ഥാനമാണ്. ഇതുള്‍പ്പെടെ കേരളത്തില്‍ തന്നെ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യാവുന്ന നിരവധി കേന്ദ്ര സര്‍ക്കാര്‍ പദവികളുമുണ്ട്. കേസുകള്‍ ഉള്ള നിരവധി ഐ.എ.എസ് – ഐ.പി.എസ് ഓഫീസര്‍മാര്‍ തന്ത്രപ്രധാന തസ്തികകളില്‍ ഉള്ളതിനാല്‍ ശ്രീറാമിന് മുന്നില്‍ വലിയ തടസ്സങ്ങള്‍ ഉണ്ടാകില്ലന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വാദിക്കുന്നത്.

കളക്ടറായി ചാര്‍ജെടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കസേര തെറിച്ചതാണ് കേരളത്തോട് ഗുഡ് ബൈ പറയാന്‍ ശ്രീറാമിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പുതിയ കളക്ടര്‍ക്ക് ചുമതല കൈമാറാനും അദ്ദേഹം ആലപ്പുഴയില്‍ എത്തിയിരുന്നില്ല. ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ തസ്തികയില്‍ നിന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയതിനെയും തരം താഴ്ത്തലായാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ഈ തസ്തികയിലെ ശ്രീറാമിന്റെ നിയമനം താന്‍ അറിഞ്ഞിട്ടില്ലന്നാണ് ഭക്ഷ്യമന്ത്രി പോലും പറയുന്നത്. മന്ത്രിയുടെ ഈ നിലപാടും ശ്രീറാം വെങ്കിട്ടരാമനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

സിവില്‍ സപ്പൈസ് കോര്‍പ്പറേഷന്റെ നിലവിലെ എം.ഡി, ഐ.പി.എസുകാരനായ സഞ്ജീവ് പട് ജോഷിയാണ്. മുന്‍പ് പ്രമോട്ടി ഐ.എ.എസുകാരനായ അലി അസ്ഗര്‍ പാഷ ഇരുന്ന കസേരയാണിത്.സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സീനിയോററ്റിയുള്ള സഞ്ജീവ് പട് ജോഷിക്കും സിവില്‍ സപ്ലൈസിലെ നിയമനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സര്‍വ്വീസ് നീട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പട് ജോഷിയും തഴയപ്പെട്ടിരുന്നത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജീവ് പട് ജോഷി സംസ്ഥാന പൊലീസ് മേധാവിയാകുമെന്നാണ് പൊതുവെ എല്ലാവരും കരുതിയിരുന്നത്. ആ പ്രതീക്ഷക്ക് പക്ഷേ അല്പായുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഒതുക്കപ്പെട്ട ആ രണ്ടു പേരാണിപ്പോള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഈ ഒതുക്കലിനെ നിശബ്ദമായി നേരിടാന്‍ തന്നെയാണ് അവരുടെ തീരുമാനം.


മൂന്നാര്‍ സബ് കളക്ടറായിരിക്കെ കയ്യേറ്റക്കാരെ വിറപ്പിച്ച് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഹീറോ ആയ ശ്രീറാം വെങ്കിട്ടരാമന്‍ മിന്നല്‍ വേഗത്തിലാണ് വില്ലനായി മാറിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടതോടെ മാധ്യമ ലോകവും അദ്ദേഹത്തിന് എതിരായി. ബഷീര്‍ ജോലി ചെയ്ത സ്ഥാപനം കാന്തപുരം വിഭാഗത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ എതിര്‍പ്പിന്റെ വ്യാപ്തിയും വര്‍ദ്ധിച്ചു. കോണ്‍ഗ്രസ്സും പരസ്യമായാണ് ശ്രീറാമിനെതിരെ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരുന്നത്. ഈ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സര്‍ക്കാറും കളക്ടര്‍ പദവിയില്‍ നിന്നും ശ്രീറാമിനെ മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നത്.

ശ്രീറാം പ്രതിയായ വിവാദ കേസില്‍ വിചാരണ സെപ്റ്റംബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ബഷീറിന്റെ മരണം സംഭവിച്ചിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ ഇതുവരെയും തുടങ്ങിയിട്ടില്ല. കേസിലെ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. ശ്രീറാമിന്റെ സുഹൃത്തായ വഫ നജിം കേസിലെ രണ്ടാം പ്രതിയാണ്. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലുമടങ്ങുന്നതാണ് ശ്രീറാമിനെതിരായ കുറ്റങ്ങള്‍. ജൂണ്‍ ഏഴിന് കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ നജിം വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തിലും കോടതിയാണ് ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.


EXPRESS KERALA VIEW

Top