ശ്രീരാമന്റെ നിറം കാവിയല്ല, രാമനെ കാവിയില്‍മുക്കി മോഡിയും സംഘപരിവാറും!

ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍, രാമനെ കാവിയില്‍മുക്കി ഹിന്ദുത്വ കാര്‍ഡാക്കി കോവിഡ് 19 എന്ന മഹാമാരിയുടെ കാലത്തും കളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ ‘രാമന്റെ നിറം കാവിയല്ല’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.

ഇന്ന് ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ വിളംബരം ചെയ്യുന്നത്, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ തടസ്സംനില്‍ക്കുന്ന ഏതുമതത്തെയും സമുദായത്തെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും പൗരന്മാരെയും സംസ്ഥാന ഭരണങ്ങളെയും ഇല്ലായ്മ ചെയ്യും എന്നാണ്. ഈ അക്രമാസക്ത രാഷ്ട്രീയത്തിനുവേണ്ടി ജനങ്ങളുടെ മനസ്സ് പിടിച്ചെടുക്കാന്‍ ജനങ്ങളില്‍ വലിയ വിഭാഗം ആരാധിക്കുന്ന ശ്രീരാമന്റെ പേര് ഇതിന് ഉപയോഗിക്കുന്നുവെന്നും കോടിയേരി ലേഖനത്തില്‍ വിമര്‍ശിച്ചു.

ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 2500 കോടി രൂപ ചെലവിലാണ് ക്ഷേത്രസമുച്ചയം പണിയുക. ശിലാന്യാസവും ഭൂമിപൂജയും രാജ്യവ്യാപക ആഘോഷ പരിപാടിയാക്കാനാണ് സംഘപരിവാര്‍ ആഹ്വാനം. അയോധ്യാ വിശേഷങ്ങള്‍ അന്ന് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പിടിയില്‍ ദിനംപ്രതി അരലക്ഷത്തിലേറെ പേര്‍ പുതുതായി അകപ്പെടുന്ന സ്‌ഫോടനാത്മകമായ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഇന്ത്യ.

അതിനെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അധികാരമുറപ്പിക്കാനും അധികാരം പിടിക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ശ്രീരാമനെ മാറ്റുന്നതിലാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകള്‍ക്കും സംഘപരിവാറിനും ശ്രദ്ധ. അതാണ് രാജസ്ഥാനില്‍ എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ഗെലോട്ട് സര്‍ക്കാരിനെ തകര്‍ക്കാനും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുമുള്ള നീക്കങ്ങളില്‍ പ്രതിഫലിക്കുന്നത്.

ഇത്തരം വളഞ്ഞവഴി രാഷ്ട്രീയത്തിന് തണല്‍വിരിക്കാനാണ് ശ്രീരാമന്റെ പേര് ദുരുപയോഗപ്പെടുത്തുന്നത്. കൊറോണയെ പിടിച്ചുകെട്ടാന്‍ സംസ്ഥാന സര്‍ക്കാരുകളെ വേണ്ടവിധം കേന്ദ്രം സഹായിക്കുന്നില്ല. പ്രതിരോധനടപടികള്‍ സ്വന്തമായി സ്വീകരിക്കുന്നതിലും പിന്നിലാണ്. മഹാമാരി കാരണം രാജ്യത്തെ ജനകോടികള്‍ അഭിമുഖീകരിക്കുന്ന ഉപജീവന പ്രതിസന്ധിയെ അതിജീവിക്കാന്‍ നടപടിയെടുക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. ഇതെല്ലാം മൂടിവയ്ക്കാന്‍കൂടിയാണ് ഈ ഘട്ടത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെ മുഖ്യഅജന്‍ഡയായി മോഡി സര്‍ക്കാരും സംഘപരിവാറും കൊണ്ടുവന്നിരിക്കുന്നതെന്നും കോടിയേരി വിമര്‍ശിച്ചു.

Top