ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് പുറത്തായതിനു പിന്നാലെ രഞ്ജി ട്രോഫിയില്‍ മടങ്ങിയെത്തി ശ്രേയസ് അയ്യര്‍

മുംബൈ: ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് പുറത്തായതിനു പിന്നാലെ രഞ്ജി ട്രോഫിയില്‍ മടങ്ങിയെത്തി ശ്രേയസ് അയ്യര്‍. ശനിയാഴ്ച ആരംഭിച്ച രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ തമിഴ്നാടിനെതിരെയുള്ള മുംബൈ ടീമില്‍ ശ്രേയസ് അയ്യരുണ്ട്. മത്സരത്തില്‍ ടോസ് നേടിയ തമിഴ്നാട് ബാറ്റിങ് തിരഞ്ഞെടുത്തു. 20 ഓവര്‍ പിന്നിട്ടപ്പോള്‍ 42 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ തമിഴ്നാടിന് നഷ്ടപ്പെട്ടു.

ദേശീയ ടീമിനൊപ്പം ഇല്ലാത്ത അവസരങ്ങളില്‍ രഞ്ജി ട്രോഫി കളിക്കാതെ ഐ.പി.എല്‍. പോലുള്ള മത്സരങ്ങളില്‍ ഭാഗവാക്കാവുന്ന പ്രവണത ഇന്ത്യന്‍ താരങ്ങളില്‍ വര്‍ധിച്ചുവന്നിരുന്നു. ഇതോടെ രഞ്ജി ട്രോഫി കളിക്കണമെന്ന കര്‍ശന നിര്‍ദേശം ബി.സി.സി.ഐ. പുറപ്പെടുവിച്ചു. രഞ്ജി കളിക്കാത്തവരെ കരാറില്‍നിന്ന് തഴഞ്ഞ് വലിയൊരു സന്ദേശവും താരങ്ങള്‍ക്ക് നല്‍കി.

ബറോഡയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നടുവേദന കാരണം ശ്രേയസ് മുംബൈ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. പിന്നാലെ വന്ന ബി.സി.സി.ഐ. വാര്‍ഷിക കരാറില്‍നിന്ന് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തഴയപ്പെട്ടു. രഞ്ജി ട്രോഫിയില്‍നിന്ന് വിട്ടുനിന്നതായിരുന്നു കാരണം. അയ്യര്‍ നേരത്തേ ബി ഗ്രേഡിലും ഇഷാന്‍ കിഷന്‍ സി ഗ്രേഡിലും ഉള്‍പ്പെട്ടിരുന്ന താരങ്ങളാണ്.

Top