ബോളിവുഡ് ലഹരിക്കേസ്; ശ്രദ്ധ കപൂറിനെയും സാറാ അലിഖാനേയും ചോദ്യം ചെയ്‌തേക്കും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഈ ആഴ്ച ഇവരെ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍, ചില യുവതാരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.
ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളും ലഹരി ഉപയോഗിക്കുന്നവരാണെന്ന റിയയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തഞ്ചോളം പേരെയാണ് എന്‍ബിസി നിരീക്ഷിക്കുന്നത്. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി, റിയയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ ജോലിക്കാര്‍, ബോളിവുഡുമായി അടുത്ത ബന്ധമുള്ള ലഹരിക്കടത്തുകാര്‍ എന്നിവരുള്‍പ്പെടെ 11 പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.

റിയ ചക്രവര്‍ത്തിയും ഷോവിക് ചക്രവര്‍ത്തിയും സെപ്റ്റംബര്‍ 9നാണ് അറസ്റ്റിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുമ്പ് മൂന്നു ദിവസം റിയയെ ചോദ്യം ചെയ്തിരുന്നു. മകന് ലഹരി എത്തിച്ചു നല്‍കിയത് റിയയാണെന്ന സുശാന്തിന്റെ അച്ഛന്റെ പരാതിയിന്മേലായിരുന്നു നടപടി. സുശാന്തിനായി ലഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ട് റിയ നടത്തിയ വാട്‌സാപ് ചാറ്റുകള്‍ പുറത്തുവന്നതും അന്വേഷണത്തിന് വേഗം കൂട്ടി. ചോദ്യം ചെയ്യലിനിടയില്‍ റിയ ബോളിവുഡിലെ പല താരങ്ങളുടെയും പേര് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top