രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ‘ഷോക്കേസ് വീഡിയോ’ പുറത്ത്; വില്ലനായി വിനായകൻ

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ഷോക്കേസ് വീഡിയോ പുറത്തുവിട്ടു. മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ ചിത്രം ആയിരിക്കും ജയിലർ എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. രജനികാന്തിനൊപ്പം കട്ടയ്ക്ക് നിൽക്കാൻ വില്ലൻ കഥാപാത്രമായി വിനായകനും ഉണ്ട്. രമ്യ കൃഷ്ണൻ രജനികാന്തിന്റെ ഭാ​ര്യ ആയാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. ഓഗസ്റ്റ് 10ന് ചിത്രം തിയറ്ററുകളില്‍ എത്തും. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ജയിലര്‍ നിര്‍മിക്കുന്നത്. കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രമായി മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും ചിത്രത്തില്‍ എത്തുന്നുണ്ട്. ജാക്കി ഷ്രോഫ്, സുനില്‍, ശിവ രാജ്‍കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, വസന്ത് രവി, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. രജനിയുടെ കരിയറിലെ 169-ാം ചിത്രം എന്ന പ്രത്യേകതയും ജയിലറിന് ഉണ്ട്.

അതേസമയം, റിലീസിന് മുന്‍പ് തന്നെ കോടി ക്ലബ്ബില്‍ ജയിലര്‍ ഇടംപിടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒന്‍പതാം തീയതിയാണ് യുഎസ് പ്രീമിയറുകള്‍. 1.8 ലക്ഷം മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് യുഎസ് പ്രീമിയര്‍ പ്രീ സെയില്‍സ് വഴി ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഒന്നര കോടി മുതല്‍ 1.65 കോടി വരെ വരും ഇത്. ട്രേഡ് അനലിസ്റ്റുകള്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

Top