ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് കേന്ദ്രസര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിശ്വസ്തനായ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനാണ് ആലാപന്‍ ബന്ദോപാധ്യായക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ദുരന്തനിവാരണ നിയമം 51 ബി വകുപ്പ് പ്രകാരമാണ് നോട്ടീസ് നല്‍കിയത്. ഒരു കൊല്ലം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ് ഈ വകുപ്പില്‍ വീഴ്ചയ്ക്ക് നടപടിയായി എടുക്കാവുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍വീസില്‍ നിന്ന് തിരിച്ചുവിളിച്ചതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് സ്വയം വിരമിക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ് ആയി നിയമിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ആലാപന്‍ ബന്ദോപാധ്യായക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അച്ചടക്ക നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

Top