‘കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പില’; ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ശിവസേന

ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ ചരമവാര്‍ഷികത്തില്‍ എന്‍ഡിഎയില്‍ നിന്നും ശിവസേനയെ പുറത്താക്കിയ നടപടിക്കെതിരെ പാര്‍ട്ടി മുഖപത്രം സാമ്‌ന. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്നും ശിവസേനയെ പുറത്താക്കിയതിനെ അപലപിച്ചാണ് മുഖപ്രസംഗം. ബാലാസാഹെബ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് എന്‍ഡിഎ രൂപീകരിച്ചതെന്നും, അദ്ദേഹത്തിന്റെ ചരമദിനത്തില്‍ തന്നെ നടപടി സ്വീകരിച്ചത് അപമാനിക്കലാണെന്നുമാണ് ശിവസേനയുടെ പരാതി.

എതിരാളികളായ കോണ്‍ഗ്രസിനും, എന്‍സിപിക്കും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി ഈ നടപടി കൈക്കൊണ്ടത്. എന്നാല്‍ താക്കറെയും ചരവാര്‍ഷികത്തില്‍ ഈ നടപടി എടുത്തത് അപമാനിക്കലാണെന്നാണ് സാമ്‌നയിലെ മുഖപ്രസംഗം ആരോപിക്കുന്നത്. ‘ബാലാസാഹെബും, മറ്റുള്ളവരും ചേര്‍ന്നാണ് എന്‍ഡിഎ രൂപീകരിച്ചത്. ഹിന്ദുത്വവും, ദേശീയതയും രാഷ്ട്രീയത്തില്‍ സംസാരിക്കാന്‍ തയ്യാറാകാതിരുന്ന സമയത്താണിത്’, മുഖപ്രസംഗം കുറ്റപ്പെടുത്തി.

shivsena

shivsena

ബിജെപിയുടെ സ്വേച്ഛാധിപത്യമാണ് എന്‍ഡിഎയില്‍ നിന്നും ശിവസേനയെ പുറത്താക്കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി. മഹാരാഷ്ട്രയില്‍ ഇത്തരം അഹങ്കാരികളെ അവസാനിപ്പിക്കുമെന്നും ശിവസേന ഉറപ്പുനല്‍കി. ഇത് മഹാരാഷ്ട്രക്ക് എതിരായ പോരാട്ടമാണ്, ഞങ്ങള്‍ നിശബ്ദരാകില്ല, ലേഖനം വ്യക്തമാക്കി.

ബിജെപിയെ മുഹമ്മദ് ഗോറിയുമായി ഉപമിക്കാനും ശിവസേന തയ്യാറായി. 17 വട്ടം ഗോറിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച പൃഥ്വിരാജ് ചവാന്‍ അത്രയും തവണ സുല്‍ത്താനെ വെറുതെവിട്ടു, എന്നാല്‍ 18ാം വട്ടം ശക്തനായി തിരിച്ചെത്തിയ ഗോറി ചൗഹാനെ തടവിലാക്കി. അതേ തെറ്റാണ് ഞങ്ങള്‍ ചെയ്തത്, മുഖപ്രസംഗം പറഞ്ഞു. എന്‍ഡിഎയില്‍ നിന്നും പുറത്താക്കുന്നതിന് മുന്നോടിയായി നോട്ടീസ് പോലും കിട്ടിയില്ലെന്നാണ് ശിവസേനയുടെ പരാതി.

Top