പ്രധാനമന്ത്രിയുടെ മുഖമുള്ള ബോര്‍ഡ് ഇവിടെ വയ്ക്കാന്‍ പാടില്ലേ? നരേന്ദ്ര മോദിയുടെ ഫ്ലെക്സ്സ് മാറ്റി, ബിജെപി പ്രതിഷേധം

തൃശൂര്‍ : തൃശ്ശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് ബിജെപിയുടെ പ്രതിഷേധം. മോദിയുടെ റോഡ് ഷോയുടെ പ്രചാരണത്തിനായി വച്ചിരുന്ന ബോര്‍ഡുകള്‍ കോര്‍പറേഷന്‍ അഴിച്ചുമാറ്റിയതായി ബിജെപി പറഞ്ഞു.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിയുടെ ചിത്രമുള്ള ഫ്ലെക്സ്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇവ എടുത്തുമാറ്റാന്‍ കോര്‍പറേഷന്‍ അധികൃതര്‍ ആരംഭിച്ചപ്പോഴാണു പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. പ്രതിഷേധം തുടര്‍ന്നതോടെ അധികൃതര്‍ പിന്മാറി. നവകേരള സദസ്സിന്റെ സമയത്തു മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കമുള്ള ഫ്‌ലെക്‌സ് സ്ഥാപിച്ചിരുന്നെന്നും ഇത് കോര്‍പറേഷന്‍ മാറ്റിയിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു.

”പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാനായി മനപ്പൂര്‍വമാണു ഫ്‌ലെക്‌സുകള്‍ മാറ്റിയത്. സിപിഎം നേതൃത്വവും മേയറും ചേര്‍ന്നുള്ള നീക്കമാണിത്. എല്ലാ പാര്‍ട്ടികളും പരിപാടികള്‍ നടക്കുമ്പോള്‍ വ്യാപകമായി ബോര്‍ഡ് സ്ഥാപിക്കാറുണ്ട്. നവകേരള സദസ്സിന്റെ ബോര്‍ഡ് കാരണം നഗരത്തിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. അതിന്റെ നാലിലൊന്നു ബോര്‍ഡു പോലു ഞങ്ങള്‍ സ്ഥാപിച്ചിട്ടില്ല. സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരു നിയമം, ബിജെപിക്ക് മറ്റൊന്ന് എന്ന നിലയാണ്. പ്രധാനമന്ത്രിയുടെ മുഖമുള്ള ബോര്‍ഡ് ഇവിടെ വയ്ക്കാന്‍ പാടില്ലേ?”- ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ ചോദിച്ചു.

അഴിച്ചുമാറ്റിയ ബോര്‍ഡുകള്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ തിരികെ കെട്ടുന്നതു വരെ പ്രതിഷേധം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ജനുവരി മൂന്നിനാണു മോദി തൃശൂരിലെത്തുന്നത്. വൈകിട്ടു സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും തുടര്‍ന്നു തേക്കിന്‍കാട് മൈതാനിയില്‍ മഹിളാ സമ്മേളനവുമാണു പ്രധാനമന്ത്രിയുടെ പൊതു പരിപാടികള്‍. 2 ലക്ഷം സ്ത്രീകള്‍ പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷം ഇതു മൂന്നാം തവണയാണു മോദി തൃശ്ശൂരിലെത്തുന്നത്.

Top