‘എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുമായി എത്തണം’;വി. ജോയി

തിരുവനന്തപുരം: എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം. സംസ്ഥാന സമിതി അംഗത്തിന്റെ ലഹരി ഉപയോഗത്തിനെതിരേ നടപടിയെടുത്തില്ലെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. കാട്ടാക്കടയിലെ ആള്‍മാറാട്ടത്തില്‍ ഒളിവില്‍ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

കാട്ടാക്കടയിലെ ആള്‍മാറാട്ടക്കേസ് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി. ഇത് സംഘടനയ്ക്ക് നാണക്കേടായി. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ആള്‍മാറാട്ടം നടന്നത്. പാറശ്ശാല, വിതുര ഏരിയാ കമ്മിറ്റിയില്‍നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചത്.

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസില്‍ പ്രതിയായ ആളെ ഏരിയ കമ്മിറ്റി സെക്രട്ടറിയാക്കിയതിലും കടുത്ത വിമര്‍ശനമുയര്‍ന്നു. നിലവിലെ ജില്ലാ സെക്രട്ടറിയുടെ പ്രായപരിധി കഴിഞ്ഞിട്ടും സ്ഥാനത്ത് തുടരാന്‍ അനുവദിച്ചതും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. പ്രായപരിധി ചര്‍ച്ചയായതോടെ സി.പി.എം. ജില്ലാ നേതൃത്വം വിഷയത്തില്‍ ഇടപെട്ടു. സമ്മേളന പ്രതിനിധികള്‍ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ സെക്രട്ടറി വി. ജോയി നിര്‍ദേശം നല്‍കി.

Top