തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള പാനലില്‍ നിന്ന് ടോമിന്‍ തച്ചങ്കരിയെ യു.പി.എസ്.സി ഒഴിവാക്കി. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ് കുമാര്‍, ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ, റോഡ് സേഫ്റ്റി കമ്മീഷണര്‍ അനില്‍ കാന്ത് എന്നിവരുടെ പേരുകളാണ് യു.പി.എസ്.സി ഡിജിപി സ്ഥാനത്തേക്കായി ശുപാര്‍ശ ചെയ്തത്. ഇവരിലൊരാളെ സംസ്ഥാനസര്‍ക്കാരിന് തിരഞ്ഞെടുക്കാം.
ബി.സന്ധ്യയ്ക്ക് ഏറെ സാദ്ധ്യതയുണ്ട്. നിയമിക്കപ്പെട്ടാല്‍ സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യ വനിതയാവും. പാനലിലുള്ളവര്‍ക്ക് പുറമെ അരുണ്‍കുമാര്‍ സിന്‍ഹ, ടോമിന്‍ തച്ചങ്കരി, നിധിന്‍ അഗര്‍വാള്‍, എസ്. ആനന്ദക്യഷ്ണന്‍, കെ.പത്മകുമാര്‍, ഹരിനാഥ് മിശ്ര എന്നിവരെയാണ് യു.പി.എസ്.സി പരിഗണിച്ചത്. വിജിലന്‍സ് കേസില്‍ അന്വേഷണം നേരിടുന്നതിനാല്‍ ടോമിന്‍ തച്ചങ്കരി പുറത്തായി.
ജൂണ്‍ മുപ്പതിന് ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്നതോടെ അടുത്ത പൊലീസ് മേധാവി അധികാരമേല്‍ക്കും. ദില്ലിയില്‍ നടന്ന യു.പി.എസ്.സി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി ചീഫ് സെക്രട്ടറി വിപി ജോയ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ പങ്കെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാഡ സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ നിന്നുമാണ് മൂന്നു പേരെ യുപിഎസ്.സി യോഗം തെരഞ്ഞെടുത്തത്.