ആ ചങ്കൂറ്റത്തിന് കരുത്ത് പകര്‍ന്ന് മാധ്യമ പ്രവര്‍ത്തകന്റെ ഹ്രസ്വചിത്രം !

കൊച്ചി: ഇന്ത്യയിലെ സിനിമാ-മാധ്യമ-രാഷ്ട്രീയ രംഗങ്ങളെ മീടൂ ക്യാംപെയിന്‍ പിടിച്ചുലച്ചു കൊണ്ടിരിക്കുകയാണ്. ആ വിഷയം പ്രമേയമാക്കി മാധ്യമ പ്രവര്‍ത്തകന്‍ സന്ദീപ് ശശികുമാര്‍ തയ്യാറാക്കിയിരിക്കുന്ന ഹ്രസ്വചിത്രം ‘മീ ടൂ’ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

സജിത സന്ദീപ് ചെയ്യുന്ന കുടുംബിനിയായ കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. പീഡനം അനുഭവിക്കുന്ന സ്തീകള്‍ക്ക് അത് തുറന്നു പറയാനുള്ള ഊര്‍ജ്ജം നല്‍കുന്നതാണ് ഈ ചിത്രം. ”പിഴക്കപ്പെട്ടു” എന്നത് നാണക്കേടായി കരുതി മിണ്ടാതിരിക്കുന്നവര്‍ക്ക് കൂടെ വേണ്ടിയാണ് ഈ കൊച്ചു ചിത്രം സംസാരിക്കുന്നത്. ”പിഴ” എന്ന അപമാനവും ”ഇര”യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല എന്ന് ചിത്രം ശക്തമായി പറയുന്നു. അപമാനിതയായി മാനസികമായും ശാരീരികമായും തകര്‍ക്കപ്പെട്ട് ലൈംഗികാധിക്രമത്തിനു വിധേയരാക്കപ്പെടുന്ന ഓരോ സ്ത്രീയും ധൈര്യപൂര്‍വ്വം തുറന്നു പറയണം. കുറ്റവാളിയാണ് ശിക്ഷിക്കപ്പെടേണ്ടത് മറിച്ച് കുറ്റകൃത്യത്തിനു വിധേയരായവരല്ല എന്ന് സമൂഹം തിരിച്ചറിവുണ്ടാകുന്ന കാലത്തെ നിര്‍മ്മിക്കുന്നവര്‍ക്ക് ഈ ചിത്രം വലിയ ഒരു കൈതാങ്ങാണ് എന്നാണ് വിലയിരുത്തലുകള്‍.

ADrgdrg

സജിത സന്ദീപിന് പുറമെ അരുണ്‍ സോള്‍, ഷാജി എ ജോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുനില്‍ തൃശൂരാണ് കഥയും തിരക്കഥയും. ആന്‍ പ്രഭാതാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

സമൂഹത്തിലെ മാന്യരെന്ന് കരുതുന്ന പലരുടേയും മറച്ചുവെക്കപ്പെട്ട വൈകൃതങ്ങളെ സമൂഹത്തിന് മുന്നില്‍ തുറന്നു കാണിച്ച മുന്നേറ്റമായിരുന്നു മീടൂ. സിനിമാ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രമുഖരായ സ്ത്രീകളാണ് ഇതിന് തുടക്കമിട്ടതെങ്കില്‍, ഇപ്പോള്‍ സാസ്‌ക്കാരിക രംഗത്തും വലിയ വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഇനിയും പലരും വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വരാതെ മറഞ്ഞിരിക്കുന്നുണ്ട്.

കേസിന്റെ പ്രശ്‌നങ്ങളും സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേടുമാണ് തുറന്നു പറച്ചിലുകളില്‍ നിന്നും പലരെയും പിന്നോട്ട് വലിയ്ക്കുന്നത്. എന്നാല്‍, മീടൂ ഉണ്ടാക്കിയിരിക്കുന്ന മാറ്റം വലിയ പ്രചോദനമാണ്. തനിക്കൊപ്പം നില്‍ക്കാല്‍ ചിലരെങ്കിലും ഉണ്ടാകും എന്ന ബോധ്യവുമാണ് പലര്‍ക്കും ധൈര്യം പകരുന്നത്. ഇനിയും അത്തരക്കാര്‍ക്ക് കരുത്ത് പകരേണ്ടതുണ്ട് എന്ന സ്വയം ബോധ്യവും ഒപ്പം ധാര്‍മ്മികമായ പിന്തുണയുമാണ് മീറ്റൂ എന്ന ഹൃസ്വ ചിത്രത്തിനു പിന്നിലെന്ന് സന്ദീപ് ശശികുമാര്‍ വ്യക്തമാക്കി.

Top