മയക്കുമരുന്നുപയോഗിച്ച് നടുറോഡില്‍ നൃത്തം; ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍

തൃശൂര്‍: ലഹരിമരുന്ന് ഉപയോഗിച്ച് അര്‍ധരാത്രിയില്‍ ട്രാഫിക് സിഗ്‌നലിന്റെ തൂണില്‍ നൃത്തം ചെയ്ത ഷോര്‍ട്ട് ഫിലിം സംവിധായകന്‍ അറസ്റ്റില്‍. ലഹരിക്കെതിരെ സിനിമകള്‍ സംവിധാനം ചെയ്ത എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണു രാജിനെയാണ്(34) പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി ആഫിറ്റാമിന്‍ പിടികൂടി. വിഷ്ണുരാജിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് തിരികെ വരും വഴിയാണ് പുലര്‍ച്ചെ രണ്ടരയോടെ വിഷ്ണു റോഡില്‍ നൃത്തം ചെയ്യുന്നത് കണ്ടത്. കാര്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്നു. പൊലീസെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ വിഷ്ണുവിനെക്കൂടാതെ കാറില്‍ യുവതിയും ഭര്‍ത്താവുമുണ്ടായിരുന്നു.

പുതിയ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇവര്‍ ഇരിങ്ങാലക്കുടയിലെ സുഹൃത്തിനെ കാണാന്‍ പോകും വഴിയാണ് സംവിധായകന്‍ ലഹരി ഉപയോഗിച്ചതും കാര്‍ നിര്‍ത്തി റോഡില്‍ നൃത്തം ചെയ്തതും. ദമ്പതികളെയും പൊലീസ് ചോദ്യം ചെയ്തു. ദമ്പതികള്‍ക്ക് സംഭവത്തില്‍ പങ്കില്ലാത്തതിനാല്‍ അവരെ വിട്ടയച്ചു. ഇയാള്‍ക്ക് എങ്ങനെയാണ് ലഹരി കിട്ടിയതെന്ന് പൊലീസ് അന്വേഷിക്കുന്നു. ലഹരി മരുന്ന് ഉപയോഗിക്കുന്നത് തടയാന്‍ യുവാക്കളെ ബോധവത്കരിക്കുന്ന ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് വിഷ്ണുരാജെന്ന് പൊലീസ് പറഞ്ഞു.

 

Top