ഷൊര്‍ണൂര്‍ കൊലപാതകം: ഏഴു വര്‍ഷത്തിനു ശേഷം ഡോ.ഉന്മേഷിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി

SOUMYA MURDER

തിരുവനന്തപുരം: ഷൊര്‍ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പോസ്റ്റ്‌മോര്‍ട്ടം വിവാദത്തില്‍ ഡോ. ഉന്മേഷിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി. ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

2011ല്‍ കേസിന്റെ വിചാരണ കോടതിയില്‍ നടക്കുമ്പോള്‍ ഡോ.ഉന്മേഷ് പ്രതിഭാഗം ചേര്‍ന്നെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തത് വന്‍ വിവാദമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, പ്രതി ഗോവിന്ദച്ചാമിയ്ക്കായി ഒത്തുകളിച്ചുവെന്ന മട്ടില്‍ വിവാദം വളര്‍ന്നതോടെ ഉന്മേഷ് സസ്‌പെന്‍ഷനിലായി. പിന്നാലെ പ്രതിയാക്കി ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തു. ഒടുവില്‍ ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഉന്മേഷ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തുന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം അസി. പ്രൊഫസറായിരുന്ന ഉന്മേഷിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. എന്നാല്‍ വകുപ്പുതല അന്വേഷണം നടത്തിയ ജോയിന്റ് ഡിഎംഇ ഡോ.ശ്രീകുമാരി ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന റിപ്പോര്‍ട്ട് നല്‍കി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഉന്മേഷാണെന്നും വകുപ്പുതല നടപടികള്‍ തുടരുന്നത് നീതിനിഷേധമാണെന്നുമാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.

നേരത്തെ ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയും അംഗീകരിച്ചു. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതാര് എന്നതിനെ ചൊല്ലിയായിരുന്നു വിവാദം. ഡോ.ഉന്മേഷ് തന്നെയാണ് അത് ചെയ്തതെന്ന് വ്യക്തമായിരുന്നെങ്കിലും ഫൊറന്‍സിക് മേധാവിയായിരുന്ന ഡോ.ഷെര്‍ളി വാസുവിനെയാണ് പ്രോസിക്യൂഷന്‍ സാക്ഷിയാക്കിയത്.

അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.എ.കെ ഉന്മേഷിനെ പ്രതിഭാഗം സാക്ഷിയാക്കി. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലുകള്‍ വരുത്തിയതായും ഉന്മേഷ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഉന്മേഷ് പണം വാങ്ങി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിനുത്തരവിട്ടത്.

Top