കട കുത്തിത്തുറന്ന് മോഷണം ; പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

കോഴിക്കോട് : നഗരമദ്ധ്യത്തിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. മോഷണം നടത്തിയ കേസിലെ പ്രതിയെയും ഇയാൾക്കൊപ്പം മറ്റൊരു മോഷണത്തിൽ പങ്കാളിയായ കൂട്ടാളിയെയുമാണ് പൊലീസ് പിടികൂടിയത്. കുറ്റ്യാടി സ്വദേശി അൽത്താഫ്(33) അരക്കിണർ സ്വദേശി ഷാനിൽ(25) എന്നിവരാണ്‌ മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ കോഴിക്കോട് ടൗൺ പൊലീസ് പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു മോഷണം. രണ്ടാം ഗേറ്റിന് സമീപത്തെ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസിലാണ് അൽത്താഫിനായി പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവാവിന്റെ നടത്തത്തിലെ ചില രീതികൾ ശ്രദ്ധിച്ച പൊലീസിന് അൽത്താഫാണ് മോഷണത്തിന് പിന്നിലെന്ന സംശയമുണർന്നു. തുടർന്ന് പ്രതിയെ തിരഞ്ഞ പൊലീസ് സംഘം അൽത്താഫിനെയും ഷാനിലിനെയും ഒരുമിച്ച് പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ നിന്ന് രണ്ട് എയർ പിസ്റ്റളുകളും കണ്ടെടുത്തു.

കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തെ കടയിൽ നിന്നാണ് ഇവർ പിസ്റ്റളുകൾ മോഷ്ടിച്ചത്. ഇതിന് കസബ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അജിത്ത് വർഗീസ് ഒളിവിലാണ്.

Top