സൈനികര്‍ക്കെതിരായ കേസില്‍ പ്രതിരോധമന്ത്രി മറുപടി പറയണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി: ഷോപിയാനില്‍ സാധാരണക്കാരെ വധിച്ച സൈനികര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയെന്ന കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയില്‍ നിര്‍മല സീതാരാമന്‍ മറുപടി പറയണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മറുപടി ഇല്ലെങ്കില്‍ ഇതുസംബന്ധിച്ച് രാജ്യസഭയില്‍ ചോദ്യമുന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സൈനികര്‍ക്കെതിരെ നടപടിയെടുക്കുന്ന വിഷയത്തില്‍ നിര്‍മല സീതാരാമനുമായി ചര്‍ച്ച നടത്തിയെന്നും സൈനികര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രതിരോധമന്ത്രി അനുമതി നല്‍കിയതായും മെഹബൂബ മുഫ്തി നിയമസഭയില്‍ പറഞ്ഞിരുന്നു.

ഇതുവരെ ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രി വ്യക്തതവരുത്താത്തത് അത്ഭുതകരമാണ്. ഇപ്പോഴും തുടരുന്ന നിശബ്ദതയുടെ അര്‍ഥം അത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നു എന്നാണോ മനസ്സിലാക്കേണ്ടതെന്ന് വ്യക്തമാക്കണം. അങ്ങനെയാണെങ്കില്‍ അത് ബിജെപിയുടെ നയത്തിനും ഇന്ത്യക്കാരുടെ വികാരങ്ങള്‍ക്കും രാജ്യസ്‌നേഹത്തിനും വിരുദ്ധമാണ്. ഇക്കാര്യത്തില്‍ ഫെബ്രുവരി രണ്ടിനകം വ്യക്തത വരുത്തിയില്ലെങ്കില്‍ ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും സ്വാമി അറിയിച്ചു.

സൈനികര്‍ക്കെതിരെ കേസെടുക്കുന്നത് അസംബന്ധമാണെന്നും കശ്മീര്‍ സര്‍ക്കാരിനെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ മെഹ്ബൂബ മുഫ്തി തയ്യാറായില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കും. എന്തിനാണ് ഇപ്പോഴും കശ്മീരില്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതെന്ന് മനസിലാകുന്നില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

Top