വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് നൂറ് കോടിയുടെ 90 വിഗ്രഹങ്ങള്‍

ARREST

ചെന്നൈ: തമിഴ്‌നാട്ടില്‍ ചെന്നൈയിലെ വസ്ത്രവ്യാപാരിയുടെ വീട്ടില്‍ നിന്ന് 90 വിഗ്രഹങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്ത് വിഗ്രഹ മോഷണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്. സെയ്ദാപേട്ടിലെ വസ്ത്രവ്യാപാരിയായ റണ്‍ബീര്‍ഷായുടെ വീട്ടില്‍ നിന്നാണ് മോഷ്ടിച്ച വിഗ്രഹങ്ങള്‍ കണ്ടെടുത്തത്.

നൂറ് കോടിയില്‍ അധികം വിലവരുന്നതും നൂറ് വര്‍ഷങ്ങള്‍ക്ക് മുകളില്‍ പഴക്കമുള്ളതുമായ വിഗ്രഹങ്ങളാണ് പൊലീസ് സംഘം കണ്ടെത്തിയത്. വിഗ്രഹങ്ങള്‍ക്ക് പുറമേ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട രത്‌നങ്ങളും വിളക്കുകളും വ്യാപാരിയുടെ വീട്ടിലും പരിസരങ്ങളിലുമായി ഒളിപ്പിച്ചിരുന്നു. പഴക്കമേറിയ ശില്‍പങ്ങളും വീട്ടില്‍ നിന്ന് കണ്ടെത്തി.

മോഷ്ടിച്ച വിഗ്രഹങ്ങളും ശില്‍പങ്ങളും വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം. വ്യാപാരിക്ക് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. അനധികൃത വില്‍പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പിടികൂടിയ മറ്റൊരു വ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

മോഷ്ടിച്ച വിഗ്രഹങ്ങളുടെ പ്രധാന ഇടപാടുകാരനായിരുന്നു സെയ്ദാപേട്ടിലെ വ്യാപാരിയായ റണ്‍ബീര്‍ഷാ. ഇയാളെ പിടികൂടിയതോടെ കഴിഞ്ഞ ആറുമാസത്തിനിടെ തമിഴ്‌നാട്ടില്‍ നടന്ന വിഗ്രഹ മോഷ്ണങ്ങളുടെ ചുരുള്‍ അഴിയുമെന്നാണ് പൊലീസ് കരുതുന്നത്.

Top