കട തുറക്കല്‍: മുഖ്യമന്ത്രി ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷം തുടര്‍നിലപാട് സ്വീകരിക്കാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.

ജൂലൈ 21ന് പെരുന്നാള്‍ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയടക്കം ചില ഇളവുകള്‍ സര്‍ക്കാര്‍ നല്‍കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകനയോഗം നാളെയാണ്.

കടകള്‍ നിര്‍ബന്ധപൂര്‍വ്വം തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയ വ്യാപാരികള്‍ ഇന്ന് ഒരു അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്.

ആരാധനാലയങ്ങളില്‍ കൂടുതല്‍ പേരെ നമസ്‌ക്കാരത്തിന് അനുവദിക്കണമെന്ന് മുസ്ലീം മത മേലധ്യക്ഷന്മാരും സംഘടനകളും ആവശ്യപ്പെടുന്നു. രണ്ടും പരിഗണിച്ച് എതിര്‍പ്പുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ചാണ് സര്‍ക്കാറിന്റെ ആലോചന. അതേസമയം ടിപിആര്‍ പത്തിന് മുകളില്‍ തന്നെ തുടരുന്നതാണ് സര്‍ക്കാര്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നം.

Top