Shootouts Near Karachi Kill 12 Militants: Pakistan Police

കറാച്ചി: തുറമുഖ നഗരമായ കറാച്ചിയിലുള്ള രണ്ട് ഒളിസങ്കേതങ്ങളില്‍ പാക് പൊലീസ് നടത്തിയ തിരച്ചിലില്‍ 12 ഭീകരന്മാരെ വധിച്ചതായി റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവരില്‍ ഏഴുപേര്‍ പാകിസ്ഥാനിലെ ഷിയാ വിരുദ്ധ ലഷ്‌കര്‍ ഇ ജംഗ്‌വി ഭീകര സംഘടനയില്‍ ഉള്‍പ്പെട്ടവരും മറ്റ് അഞ്ച് പേര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ഖ്വയ്ദയില്‍ ഉള്‍പ്പെട്ടവരുമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ റാവൂ അന്‍വര്‍ വ്യക്തമാക്കി.

ഭീകരന്മാരും പൊലീസും തമ്മിലുള്ള വെടിവയ്പ്പ് 48 മണിക്കൂര്‍ തുടര്‍ന്നു. സുരക്ഷാസേനയ്ക്ക് എതിരെ ആക്രമണം നടത്തുകയും സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്തവരാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒളിസങ്കേതങ്ങളില്‍ നിന്ന് ബോംബുണ്ടാക്കുന്ന വസ്തുക്കളും, തോക്കുകളും, പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തെക്കന്‍ സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമാണ് കറാച്ചി. കുറച്ച് വര്‍ഷങ്ങളിലായി നിരവധി ഭീകരാക്രമണങ്ങളാണ് ഇവിടെ നടന്നത്.

അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള ആദിവാസി മേഖലയില്‍ നിന്നും ഭീകരന്മാരെ തുരത്താനായി അവസാനഘട്ട സൈനികനീക്കങ്ങള്‍ നടത്താന്‍ ആര്‍മി ചീഫ് ജനറല്‍ റാഹീല്‍ ഷെരീഫ് ഉത്തരവിട്ടതായി പാക് സൈന്യം അറിയിച്ചിട്ടുണ്ട്.

2014 ജൂണില്‍ പ്രാദേശിക വിദേശ ഭീകരന്മാരെ തുരത്താനായി സൈനിക നീക്കം ആരംഭിച്ച വടക്കന്‍ വസിറിസ്ഥാനില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് ഷെരീഫ് പുതിയ ഉത്തരവ് നല്‍കിയതെന്നും സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Top