മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്, ഷൂട്ടിംഗ് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോൾ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ചിത്രീകരണം പുനരാരംഭിച്ചിരിക്കുന്നത്. നായികയായെത്തുന്ന മഞ്ജുവാര്യരുടെ രംഗങ്ങൾ ആയിരിക്കും ഇപ്പോൾ ചിത്രീകരിക്കുക. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ നായകനായി എത്തുന്ന മമ്മൂട്ടിയുടെ രംഗങ്ങൾ ആദ്യ ഷെഡ്യൂളിൽ തന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ സെപ്റ്റംബർ 29 ലേക്ക് റീഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സംവിധായകൻ ജോബിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യാം മോഹനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.