വിക്രം വേദ ഹിന്ദിയിൽ പൂർത്തിയായി; വിക്രം ആയി സെയ്ഫും വേദയായി ഹൃത്വിക്കും

വിക്രം വേദ ഹിന്ദി റീമേക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ഷൂട്ട് പാക്കപ്പ് ആയതിന്‍റെ സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് ഹൃത്വിക് റോഷന്‍. സെയ്ഫ് അലി ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്കര്‍- ​ഗായത്രി തന്നെയാണ് ചിത്രം ഹിന്ദിയിലും ഒരുക്കുന്നത്. സംവിധായക ദമ്പതികള്‍ക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളാണ് ഹൃത്വിക് ട്വീറ്റ് ചെയ്തത്.

വിക്രം വേദ പാക്കപ്പ് ആയപ്പോള്‍ സന്തോഷകരമായ നിരവധി ഓര്‍മ്മകളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലേക്ക് എല്ലാവരും നടത്തിയ കഠിനാധ്വാനവുമൊക്കെയാണ് മനസിലേക്ക് എത്തുന്നത്. റിലീസ് തീയതി അടുക്കുമ്പോള്‍ ആവേശവും പരിഭ്രമവുമുണ്ട്, ഹൃത്വിക് ട്വിറ്ററില്‍ കുറിച്ചു. ഹിന്ദി റീമേക്കില്‍ വിക്രം ആവുന്നത് സെയ്ഫും വേദയാവുന്നത് ഹൃത്വിക്കുമാണ്.

പുഷ്കര്‍- ​ഗായത്രിയുടെ സംവിധാനത്തില്‍ 2017ല്‍ തമിഴ് ചിത്രം വിക്രം വേദയുടെ റീമേക്കാണ് ഹിന്ദിയില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. വേദയായി വിജയ് സേതുപതിയും വിക്രമായി മാധവനുമായിരുന്നു തമിഴിലെത്തിയത്. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരുന്നത്. മാധവൻ അവതരിപ്പിച്ച പോലീസ് ഓഫീസറോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവന്റെ കഥാപാത്രമായി വിജയ് സേതുപതിയുമെത്തിയപ്പോൾ ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു.

രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

Top