ജാതിപ്പേര് എഴുതിയ ഷൂസ്; മുസ്ലീം കച്ചവടക്കാരനെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഷൂസില്‍ ഠാക്കൂര്‍ എന്ന ഉയര്‍ന്ന ജാതിപ്പേരുള്ളതിന്റെ പേരില്‍ മുസ്ലിം കച്ചവടക്കാരനെതിരെ കേസ്. വലതു പക്ഷ സംഘടനയുടെ നേതാവായ വിശാല്‍ ചൗഹാന്റെ പരാതിയില്‍ നാസര്‍ എന്ന കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം പടര്‍ത്തുക, പൊതു സമാധാനത്തിനു ഭംഗം വരുത്തുന്ന രീതിയിലുള്ള അക്രമം നടത്തുക എന്നിവയടങ്ങുന്ന വകുപ്പുകളാണ് ചുമത്തിയത്. അറുപത് വര്‍ഷമായി വിപണിയിലുള്ള ബ്രാന്‍ഡാണ് ഠാക്കൂര്‍ ഫുട് വെയര്‍ കമ്പനി നിര്‍മിക്കുന്ന ഠാക്കൂര്‍ ഷൂസുകള്‍.

 

എന്നാല്‍ ചോദ്യം ചെയ്യലില്‍ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം പടര്‍ത്തുക വകുപ്പ് പിന്‍വലിച്ചുവെന്നു അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. മറ്റു വകുപ്പുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരനാണെന്നു കണ്ടാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരന്‍ നാസറിന്റെ ചെരുപ്പുകടയില്‍ ചെന്നപ്പോള്‍ അദ്ദേഹം ഷൂവില്‍ ഠാക്കൂര്‍ എന്ന ജാതിപ്പേര് കാണുകയും അതിനെ പരാതിക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍ കടയുടമ അദ്ദേഹത്തെ ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആര്‍. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പ്രകാരം ഒരു കൂട്ടം ആളുകള്‍ കച്ചവടക്കാരനു ചുറ്റും കൂടിയത് കാണാം.ദൃശ്യങ്ങളില്‍ എവിടെയും അക്രമം നടന്നതായി കാണുന്നില്ല.അതേസമയം ഷൂ നിര്‍മ്മിച്ച കമ്പനിയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തുവോ എന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണ് എന്ന് മാത്രമായിരുന്നു പൊലീസിന്റെ മറുപടി .

Top