ഒഡീഷയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ക്ക് ദാരുണാന്ത്യം; 15 പേര്‍ക്ക് പരുക്കേറ്റു

 

കുമാര്‍ഘട്ട്: ഒഡീഷയില്‍ രഥയാത്രക്കിടെ ഷോക്കേറ്റ് 6 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. കുമാര്‍ഘട്ടില്‍ രഥം വലിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് ദുരന്തമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം 4.30യോടെ ഉള്‍ട്ട രഥയാത്ര നടക്കുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്‌കോണ്‍ സംഘടിപ്പിച്ച ക്ഷേത്ര ഉല്‍സവത്തിന്റെ ഭാഗമായുള്ളതായിരുന്നു രഥയാത്ര.

ആയിരക്കണക്കിന് ആളുകളായിരുന്നു രഥം വലിച്ചുകൊണ്ടിരുന്നത്. വലിയ രീതിയില്‍ അലങ്കരിച്ച ഇരുമ്പ് രഥമാണ് ആഘോഷത്തിന് ഉപയോഗിച്ചിരുന്നത്. 133 കെ വി ലൈദ്യുത ലൈനില്‍ രഥം തട്ടുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളും മൂന്ന് പേര്‍ സ്ത്രീകളുമാണ്. സംഭവത്തില്‍ ത്രിപുര സംസ്ഥാന വൈദ്യുത കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രഥയാത്രയേക്കുറിച്ച് പ്രാദേശിക ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാരും പ്രധാനമന്ത്രിയും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ സഹായധനവും ഷോക്കേറ്റ് 60 ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും അതില്‍ താഴെ പരിക്കേറ്റവര്‍ക്ക് 74000 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും സഹായധനം നല്‍കുമെന്ന് പ്രധാനമന്ത്രിയും വിശദമാക്കി.

കഴിഞ്ഞ ദിവസമാണ് ഒഡിഷയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 12 പേര്‍ മരിച്ചത്. ആറ് പുരുഷന്‍മാരും നാല് സ്ത്രീകളും രണ്ട് കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന സ്വകാര്യ ബസും സര്‍ക്കാര്‍ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു കുടുംബത്തില്‍ നിന്നുള്ള 7 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്.

 

 

Top