മോദി സര്‍ക്കാരിന്റെ സത്യങ്ങള്‍ ബിനീഷിന്റെ വിലങ്ങുകളില്‍ പതിഞ്ഞു കിടക്കും; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.

നമ്മുടെ സര്‍ക്കാരിലും രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞു കയറിയിരിക്കുന്ന കള്ളപ്പണക്കാരെയും തീവ്രവാദികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ സത്യസന്ധത കൂടിയാണ് ഇതുവഴി തെളിയിക്കപ്പെടുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യങ്ങള്‍ ബിനീഷ് കോടിയേരിയെ പോലുള്ളവരുടെ വിലങ്ങുകളില്‍ പതിഞ്ഞു കിടക്കും എന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കള്ളപ്പണം പിടിച്ചെടുക്കുകയും, അത് വഴി തീവ്രവാദ ഫണ്ടിങ്ങിനും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുകയുമായിരുന്നു. തീവ്രവാദവും കള്ളപ്പണവും രാജ്യത്തിന്റെ അഖണ്ഡതയെയും സമ്പത് വ്യവസ്ഥയെയും തകര്‍ക്കുന്ന ശക്തിയാണ് എന്ന കൃത്യമായ ബോധ്യമുള്ള സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. എന്ന് മുതലാണോ കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണക്കാര്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത് അന്ന് മുതലാണ് ഈ സര്‍ക്കാരിന് നേരെ കുപ്രചരണങ്ങളുടെ
മലവെള്ളപ്പാച്ചില്‍ അഴിച്ചുവിടാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ശ്രമിച്ചത്.
ഇന്നിപ്പോള്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന അവസാനത്തെ സംസ്ഥാനമായ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നു. കുറ്റം മറ്റൊന്നുമല്ല, കള്ളപ്പണവുമായി ബന്ധപ്പെട്ട കേസ് തന്നെ. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ സ്വതന്ത്ര വ്യക്തിയാണ് എന്നതാണ് സിപിഎമ്മിന്റെ വാദം. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടിയോ, പാര്‍ട്ടിയോ, പാര്‍ട്ടിയുടെ സര്‍ക്കാരോ, സര്‍ക്കാരിനോ വേണ്ടിയാണ് ഈ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതേത് സ്വതന്ത്ര വ്യക്തിയായിക്കൊള്ളട്ടെ, ധാര്‍മ്മീകവും നിയമപരവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ആകില്ല.
നമ്മുടെ സര്‍ക്കാരിലും രാഷ്ട്രീയ പാര്‍ട്ടികളിലും നുഴഞ്ഞു കയറിയിരിക്കുന്ന കള്ളപ്പണക്കാരെയും തീവ്രവാദികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ സത്യസന്ധത കൂടിയാണ് ഇതുവഴി തെളിയിക്കപ്പെടുന്നത്. കാലാതീതമായി വര്‍ത്തിക്കുന്ന മൂല്യത്തെ സത്യമെന്ന് വിളിക്കും എന്ന് പരമേശ്വരന്‍ ജി പറഞ്ഞത് ഓര്‍ത്തെടുക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യങ്ങള്‍ ബിനീഷ് കോടിയേരിയെ പോലുള്ളവരുടെ വിലങ്ങുകളില്‍ പതിഞ്ഞു കിടക്കും എന്ന് എനിക്കുറപ്പാണ്….

Top