രാഷ്ട്രീയമായി വേട്ടയാടുന്നു; കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഇതുസംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി.

തന്നെ അപമാനിച്ച് പുറത്താക്കാനാണ് ശ്രമിക്കുന്നത്. പ്രതികരിക്കാതെ മാറി നിന്നിട്ടും തന്നെ വേട്ടയാടുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയാണ് കാട്ടിത്തരുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താന്‍ തുടരുമ്പോഴാണ് കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഈഴവ-പിന്നാക്ക സമുദായത്തില്‍ നിന്ന് കുട്ടിയായിരിക്കുമ്പോള്‍ തന്നെ പരിവാര്‍ പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ ആളാണ് താനെന്നും ശോഭ പരാതിയില്‍ പറയുന്നു.

സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം തന്നെ തഴഞ്ഞത്. പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി 2004-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും ശോഭ കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നയാള്‍ തന്നെ തന്റെ ഗ്രൂപ്പിലുള്ളവരെ കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണെന്നും ശോഭ പരാതിയില്‍ ആരോപിക്കുന്നു.

Top