ജനങ്ങൾ തീരുമാനിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ജനങ്ങൾ തീരുമാനിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും പാർട്ടിയുടെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ജനങ്ങളിൽ വിവിധ പാർട്ടിയിൽപ്പെട്ടവരുണ്ടാകുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. പൊതുജനങ്ങൾ തീരുമാനിച്ചാൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. എന്നാൽ, മറിച്ചാണ് ജനങ്ങളുടെ തീരുമാനമെങ്കിൽ താൻ മത്സരരംഗത്ത് ഉണ്ടാവില്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും അവർ വ്യക്തമാക്കി.

ബി.ജെ.പിയുടെ വിളിക്കാത്ത ഏത് യോ​ഗത്തിൽ പങ്കെടുത്താലും ഒരു പ്രശ്‌നവുമില്ല. പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഒരു സ്ത്രീ എന്ന നിലയിൽ പാർട്ടിയുടെ ഏത് വേദിയിലും കയറാനുള്ള അവകാശം തനിക്ക് പ്രവർത്തകർ നൽകിയിട്ടുണ്ട്. കസേരയിൽ ഇരുന്നില്ലെങ്കിലും ജോലി ചെയ്യാനാകും. രാഷ്ട്രീയപ്രവർത്തകർ അതത് രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിക്കണം. അണിയറിയിൽ ഒരുങ്ങുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു കാലത്ത് മാർക്‌സിസ്റ്റ് പാർട്ടിക്കുള്ളിൽ ആരെങ്കിലും തെറ്റ് ചെയ്താൽ അത് ചോദ്യംചെയ്യാനുള്ള കമ്മിറ്റികളുണ്ടായിരുന്നു. എന്നാൽ, ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസംഗങ്ങൾ സി.പി.എംകാരെ പോലും നാണിപ്പിക്കുന്നു. ഇത്തരത്തിൽ ഒരു ഗതികെട്ട അവസ്ഥയിലേക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി അധഃപതിച്ചു. സംസ്ഥാനത്തെ എല്ലാ അഴിമതികൾക്കും മുഖ്യമന്ത്രിയുടെ കുടുംബം നേതൃത്വം നൽകുന്നുവെന്നും അവർ ആരോപിച്ചു.

Top