തമിഴ് ജനതയോട് മാപ്പ് ചോദിച്ച് ശോഭ കരന്ദലജെ; കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശം പിന്‍വലിച്ചില്ല

വിദ്വേഷ പരാമര്‍ശത്തില്‍ തമിഴ് ജനതയോട് മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. ‘എന്റെ തമിഴ് സഹോദരി സഹോദരന്മാരോട്’ എന്ന് അഭിസംബോധന ചെയ്യുന്ന ട്വീറ്റിലൂടെ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത്. അതേസമയം കേരളത്തിനെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണമില്ല.

‘പരാമര്‍ശങ്ങള്‍ പലരെയും വേദനിപ്പിച്ചു. ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ പിന്‍വലിക്കുന്നു. എന്റെ പരാമര്‍ശങ്ങള്‍ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചാണ്. അവര്‍ക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ട്.’ ശോഭ കരന്ദലജെ ട്വീറ്റ് ചെയ്തു.

തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു. കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു ശോഭ കരന്ദലജെ ആരോപിച്ചത്. നഗരത്തിലെ അള്‍സൂരില്‍ പള്ളിക്ക് സമീപം നമസ്‌കാര സമയത്ത് ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ശോഭ കരന്ദലജെ വിവാദ പരാമര്‍ശങ്ങള്‍.

ശോഭ കരന്തലജെക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ. സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. ജനത്തെ വിഭജിക്കാനുള്ള നീക്കം അപലപനീയമെന്ന പറഞ്ഞ സ്റ്റാലിന്‍ ബിജെപിയുടെ വിഭജന നീക്കം തമിഴ് ജനതയും കന്നഡിഗരും തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് ശോഭാ കരന്ദലജെ.

Top