‘വായന നല്‍കുന്ന ആഹ്ലാദാനുഭവത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല’

വീട്ടില്‍ വന്ന അതിഥിക്കു കാല് കഴുകാന്‍ ഉമ്മറ തിണ്ണയിലെ കിണ്ടിയിലെ വെള്ളമെടുത്തു കൊടുത്തും മുറുക്കാന്‍ ചെല്ലത്തില്‍ നിന്ന് മുറുക്ക് കൊടുത്തും തുപ്പുന്നതിനു കോളാമ്പി കൊടുത്തും ഓട്ടുപാത്രത്തില്‍ സംഭാരം നല്‍കിയും സത്ക്കരിച്ചിരുന്ന കാലം മാറിയപ്പോള്‍ ഒരു കാര്യം കൂടി സംഭവിച്ചു. കിണ്ടിയുടെയും കോളാമ്പിയുടെയും മുറുക്കാന്‍ ചെല്ലത്തിന്റെയും ഓട്ടുഗ്ലാസ്സിന്റെയും സ്ഥാനം വീടിന്റെ കാണാമറയത്തു ആയി. മേല്പറഞ്ഞ ശീലങ്ങള്‍ എല്ലാം അപരിഷ്‌കൃതമായി കണക്കാക്കുകയും ചെയ്തു.

മറഞ്ഞു പോയ ഈ ഉപകരണങ്ങളോടൊപ്പം ഒരു സംസ്‌കാരവും നമുക്ക് കൈമോശം വന്നു. കൃത്യമായി എന്നാണ് ഇത് സംഭവിച്ചത് എന്ന് ഓര്‍ക്കാനാകുന്നുണ്ടോ ? പല ആധുനിക സജ്ജീകരണങ്ങള്‍ ഇതിനു പകരക്കാരനായി വന്നപ്പോഴും കൂടിയാണ് ഇത് സംഭവിച്ചത്. നമ്മുടെ പുസ്തകങ്ങള്‍ക്കും വായനക്കും ഇന്ന് സംഭവിച്ചിരിക്കുന്നത് ഇത്തരമൊരു അവസ്ഥാവിശേഷം ആണ്. ഇങ്ങനെ മറഞ്ഞു പോകാവുന്ന ഒരു ശീലമായി മാറാതെ വായനയെ കണ്‍വെട്ടത്തു തന്നെ നിറുത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നാണ് ഈ ലേഖനം പരിശോധിക്കുന്നത്.

വായനയുടെ പ്രയോജനത്തെയും ഗുണത്തെയും പറ്റി ഒരു പാട് പേര് എഴുതിയിട്ടുണ്ട്. അവസാനമായി പറയാനുള്ളത് ഒരേയൊരു കാര്യമാണ്, വായന നല്‍കുന്ന ആഹ്ലാദാനുഭവത്തെ പകരം വെക്കാനായി ഒരു സംവിധാനത്തിനും പറ്റുകയില്ല. എത്ര ആധുനികമായ സംവിധാനങ്ങള്‍ ആകട്ടെ. ഡിസ്നി ലാന്‍ഡിലെ മായികാനുഭവങ്ങള്‍ വേറെ തന്നെ ആകും. പുസ്തക വായന ഒരു പരകായ പ്രവേശമാണ്. അജ്ഞാതമായ രാജ്യങ്ങളും അജ്ഞാതമായ സംസ്‌കാരങ്ങളും അജ്ഞാതവും അപ്രാപ്യവുമായ വികാരങ്ങളും നമ്മള്‍ സ്വന്തമാക്കുന്നു. ഇങ്ങനെ സ്വന്തമാക്കിയ തീക്ഷ്ണമായ അനുഭവങ്ങള്‍, ശരിയായ ജീവിത വീക്ഷണം രൂപീകരിക്കാന്‍ സഹായിക്കുന്നു. സമൂഹത്തെ വിലയിരുത്താനും മുന്നോട്ടു പോകാനും സാധിക്കുന്നു. അതുകൊണ്ടു തന്നെ കുട്ടികളില്‍ വായനാശീലം പരിശീലിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പുസ്തക വായനയെ നമ്മള്‍ തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ ഉപേക്ഷിച്ച ഈ ശീലത്തിന്റെ സ്വഭാവം മനസ്സിലാക്കിയാല്‍ മാത്രമേ തിരിച്ചെടുപ്പു സാധ്യമാകുകയുള്ളൂ. പൊതുവെ എല്ലാവരും വായിച്ചിരുന്ന കാലത്തു എന്തായിരുന്നു അനുഭവങ്ങള്‍ ? എന്തായിരുന്നു ചുറ്റുപാടുകള്‍ ?
read 1

കൈ മറിഞ്ഞു മറിഞ്ഞു പോകുന്ന പുസ്തകങ്ങള്‍

പുസ്തകം ആര്‍ക്കു സ്വന്തം എന്നത് ഒരു പ്രധാനം അല്ലായിരുന്നു. ഒരു പുസ്തകം കയ്യില്‍ കിട്ടിയാല്‍ അതിനെ പറ്റി സ്‌നേഹിതരോട് സംസാരിക്കുകയും കൈ മാറുകയും ചെയ്യുന്നത് പതിവായിരുന്നു. ഇന്ന് ഇത്തരം സന്ദര്‍ഭങ്ങള്‍ വിരളമാണ്. ഗ്രാമീണ വയശാലയില്‍ വീട്ടില്‍ നിന്നൊരാള്‍ പുസ്തകം എടുക്കുകയും കുട്ടികള്‍ അടക്കമുള്ളവര്‍ അത് വായിക്കുകയും ചെയ്യും. ബാലമംഗളം, പൂമ്പാറ്റ, അമ്പിളിമാമന്‍എന്നി കുട്ടികളുടെ മാഗസിനുകള്‍ക്കു അതിന്റെ തുടര്‍കഥകള്‍ക്കു കാത്തിരുന്ന് കണ്ണ് കാഴച്ച ബാല്യങ്ങള്‍ ഇന്നുണ്ടോ ? ഒരു പുതിയ പുസ്തകം വായിച്ചതിനെ ശേഷം അതിനെ പറ്റി സുഹൃത്തിനോട് വിശദീകരിക്കാനായി വീര്‍പ്പുമുട്ടുന്നവര്‍ ഇന്നുണ്ടോ?

കുട്ടികള്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കുന്നതിനുള്ള ഒരു വലിയ ഘടകം പുസ്തക വായനയായിരുന്നു. രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നതുപോലെ പുസ്തക പ്രേമികള്‍ പുസ്തപ്രമികളെ കണ്ടെത്തുകയും സൗഹൃദം കൊണ്ടാടുകയും ചെയ്യാറുണ്ടായിരുന്നു.

മണമുള്ള സമ്മാനങ്ങള്‍ ! പുസ്തകങ്ങള്‍

പുതു പുസ്തകത്തിന്റെ മണം അറിഞ്ഞിട്ടുണ്ടോ? വായിക്കുന്നതിനിടക്ക് മുഖം പലപ്പോഴും പുസ്തകത്തിലേക്ക് പൂഴ്ത്താന്‍ തോന്നും . ആ മിനുസമുള്ള പേജുകളില്‍ തലോടി തലോടി ഇരിക്കാന്‍ തോന്നും. പുസ്തകങ്ങള്‍ സമ്മാനമായി കിട്ടുമ്പോള്‍ ഇതെല്ലാം കൂടുതല്‍ കൂടും . സമ്മാനങ്ങളെ അപൂര്‍വമായ ഒരു കാലത്തു, ഇരട്ടി മധുരമായിരുന്നു പുസ്തകങ്ങള്‍ സമ്മാനങ്ങള്‍ ആയി ലഭിക്കുന്നത്. പ്രത്യേക സ്‌നേഹം സൂചിപ്പിയ്ക്കാനുള്ള ബിംബങ്ങള്‍ ആയിരുന്നു പുസ്തകം എന്ന സമ്മാനം. എല്ലാ ദിവസവും ആഘോഷിക്കുന്നതിനു കാര്യങ്ങളും പ്രത്യക ദിവസങ്ങള്‍ ഉള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്, പക്ഷെ എത്ര പേര് പുസ്തകങ്ങള്‍ സമ്മാനമായി കൈ മാറുന്നുണ്ട് ?

സ്‌കൂളിലെയും കോളേജിലെയും താരങ്ങള്‍

പുസ്തക പുഴുക്കളും കവികളും ആയിരുന്നു എല്ലാവരുടെയും ആരാധ്യ പാത്രങ്ങള്‍. അവര്‍ക്കു ചുറ്റും കുട്ടികള്‍ കൂടുമായിരുന്നു. അവരുടെ സൗഹൃദത്തിന് വേണ്ടിയായിരുന്നു മത്സരം. ഇപ്പോള്‍ റിയാലിറ്റി ഷോകളിലും മിമിക്രി അവതാരകരും ആണ് ക്യാമ്പസിലെ താരങ്ങള്‍. പുസ്തകത്തിനോ എഴുത്തിനോ യാതൊരു പരിഗണനയും ഇല്ല.

സാഹിത്യ കൃതികളുമായി ബന്ധപെടുത്തിയോ എഴുത്തുകാരുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചോ ടീച്ചര്‍മാര്‍ ക്ലാസ് എടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ഈ ചിന്തകളുമായി മുന്നോട്ടു പോകുന്നതിനും സഹായിക്കും ഒരു സ്‌കൂള്‍ ലൈബ്രേറിയനെക്കാള്‍ ടീച്ചര്‍ക്കാണ് കുട്ടികളെ ശരിയായ വായനയിലേക്ക് വായിക്കാന്‍ സാധിക്കുക. ഓരോ കുട്ടികളുമായി അടുത്തിടപഴകി അവരുടെ അഭിരുചി ടീച്ചര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയുക . മാത്രമല്ല ലൈബ്രേറിയന്മാരും അധ്യാപകരും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണം.

മാതാപിതാക്കളുടെ ആനുകൂല്യം, വായന ശീലം

വായനയോടു അഭിരുചിയില്ലാത്ത മാതാപിതാക്കള്‍ കുട്ടികളെ വായിക്കുന്നതില്‍ നിന്നും വളരെ നിയന്ത്രിക്കും. വായന അറിഞ്ഞവര്‍ അങ്ങനെ ആയിരിക്കില്ല. വായനയുടെയും പുസ്തകങ്ങളുടെയും അന്തരീക്ഷം കുട്ടികള്‍ക്ക് വായിക്കാനുള്ള താല്പര്യം ഉണ്ടാക്കും. ഇത് പക്ഷെ ഒരു സാമാന്യമായ കാര്യമാണ്. പല പ്രശസ്തരായ എഴുത്തുകാരുടെയും മാതാ പിതാക്കള്‍ എഴുത്തും വായനയും അറിയാത്തവരായിരുന്നു. പക്ഷെ അവരൊന്നും വായനക്കോ പുസ്തകത്തിനോ എതിരല്ലായിരുന്നു. മറിച്ചു വലിയ ആദരവും ആയിരുന്നു.

സാഹിത്യകാരന്മാരോടും സാഹിത്യ കൃതികളോടും പുച്ഛ മുള്ള ഒരു തലമുറ ഇടക്കാലത്തു ഉണ്ടായി. മലയാളം സാഹിത്യം പഠിച്ചാല്‍ ഭാവിയില്ല എന്നും പ്രൊഫഷണല്‍ കോഴ്‌സുകള്‍ മാത്രം ജീവിതം എന്ന ജീവിത വീക്ഷണം കേന്ദ്ര സ്ഥാനത്തു അവര്‍ കൊണ്ട് വന്നു.
ഈയൊരു അന്തരീക്ഷത്തില്‍ ആണ് നമ്മള്‍ വായന ശീലത്തെ പുതുക്കി പണിയേണ്ടത്. സ്‌കൂളുകളും ലൈബ്രറികളും ഒരുമിച്ചു നിന്നാലേ ഇത് പ്രാവര്‍ത്തികമാക്കാന്‍ പറ്റുകയുള്ളു.

ലൈബ്രറിയിലെ അനുഭവം വെച്ച് കൊണ്ട് പ്രായോഗികമായി ചെയ്യാന്‍ സാധ്യതയുള്ള പരിപാടികളുടെ മാതൃക താഴെപറയുന്നവ ആണ്. പ്രധാനമായും കുട്ടികളില്‍ വായനാശീലം വളര്‍ത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

1.കഥപറച്ചില്‍, കഥയെഴുത്തു

കൊച്ചുകുട്ടികളുടെ ഇടയില്‍ നടത്താന്‍ ഏറ്റവും നല്ല പരിപാടി ഇതാണ്. ഏതു തരം കഥകള്‍ ആയാലും കുഴപ്പമില്ല . കഥകളുടെ മായിക ലോകത്തു എത്തിക്കുക എന്നതാണ് ലക്ഷ്യം.പുരാണ കഥകള്‍ ഏറ്റവും നല്ലതാണ്. ഭക്തി എന്നതിനേക്കാള്‍ അതിലെ അത്ഭുതമാണ് കുട്ടികളെ ആകര്‍ഷിക്കുക. അമാനുഷന്മാരുടെ അതിശയ കഥകള്‍ മറ്റൊരു ലോകം കുട്ടികള്‍ക്ക് നല്‍കും. കൂടാതെ കഥകള്‍ എഴുതാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതും അവരെ സാഹിത്യത്തിലേക്ക് അടുപ്പിക്കും.

2.വായനാമത്സരം

പലരീതിയില്‍ വായനമത്സരങ്ങള്‍ നടത്താം. കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചു അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാം. തെറ്റു കൂടാതെ വായിപ്പിക്കുകയും തെറ്റിയാല്‍ അടുത്ത ആളെ വായിപ്പിച്ചു മത്സരിപ്പിക്കാം. ഏറ്റവും കൂടുതല്‍ സമയം തെറ്റാതെ വായിച്ച കുട്ടിക്ക് സമ്മാനം നല്‍കാം.

3.എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍

വായിച്ച പുസ്തകങ്ങളെ അധികരിച്ചു തനിക്കു പ്രിയപ്പെട്ട എഴുത്തുകാരനെയോ എഴുത്തുകാരിയെ വിവരിക്കുന്ന മത്സരം ഏര്‍പെടുത്താം. കുട്ടികളുടെ പരന്ന വായന പ്രോത്സാഹിപ്പിക്കാന്‍ ഇത് സഹായിക്കും.

4. എന്റെ പ്രിയപ്പെട്ട പുസ്തകം

വായിച്ച പുസ്തകങ്ങളില്‍ തനിക്കു പ്രിയപ്പെട്ട പുസ്തകം ഏതാണ് എന്നുള്ള വിവരണം കുട്ടികളെ കൊണ്ട് അവതരിപ്പിച്ചുള്ള മത്സരമാണ് ഇത്. ഏതു ഭാഷയിലുള്ള പുസ്തകവും ആകാം.

5. എന്റെ പ്രിയ കഥാപാത്രം

വളരെ ഭാവനാത്മകമായ ഒരു വിഭാഗം ആണ് ഇത്. തങ്ങള്‍ വായിച്ചതില്‍ തങ്ങളുടെ മനസ്സ് പിടിച്ചുലച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്ന മത്സരം. കഥയെക്കാളും കഥാകാരനെക്കാളും വളര്‍ന്ന കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് ഷെര്‍ലോക് ഹോംസിന്റ വീടന്വേഷിച്ചു ലോണ്ടനിലെ ബേക്കര്‍ സ്ട്രീറ്റ് അന്വേഷിച്ചവര്‍ എത്ര ?. ഷേക്‌സ്പിയറിന്റെ ഓരോ കഥാപാത്രങ്ങളും അഭിമുഖീകരിച്ച ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ കുട്ടികളുടെ ഭാവന സഞ്ചരിക്കട്ടെ.

വായനക്ക് എതിരെ കമ്പ്യൂട്ടര്‍ എന്ന ഒരു സമവാക്യം ഉണ്ടാക്കികൊണ്ട് വായനയെ പുതുക്കാന്‍ പറ്റില്ല. വായന ഇനി പോകേണ്ടത് കഠ സൗഹൃദ അന്തരീക്ഷത്തിലൂടെ മാത്രമാണ്. വായന പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി കമ്പ്യൂട്ടര്‍ നിരോധിക്കുക എന്ന് വ്യാപകമായി പിന്തുടരുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവം ആയ സാഹചര്യം ആണ്. പല എഴുത്തുകാര്‍ക്കും വായനക്കാരുമായി നേരിട്ട് ഇടപെടുന്നതിന് കഴിയുന്നുണ്ട്. ഇത് മുന്‍പൊരിക്കലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. മാത്രമല്ല എഴുത്തിന്റെയും പ്രസിദ്ധീകരിക്കുന്നതിന്റെയും കുത്തകയും അപ്രമാദിത്വവും അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. എഴുത്തുകാരനെ അടക്കം പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന പുസ്തക ചര്‍ച്ചയ്ക്കുള്ള സാധ്യത വളരെയാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുസ്തകങ്ങള്‍ വാങ്ങി വായിപ്പിച്ചു കൊണ്ട് തന്നെ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ നോക്കണം.

കടപ്പാട്: ശോഭന പടിഞ്ഞാറ്റില്‍. കെ

Top