Shoba surenmdran-palakkad-bjp-conflict

പാലക്കാട്: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിനുള്ളില്‍ പൊട്ടിത്തെറി.

പാലക്കാട് മണ്ഡലത്തില്‍ മുന്‍ ജില്ലാ പ്രസിഡണ്ട് സി കൃഷ്ണ കുമാറിനെ മത്സരിപ്പിയ്ക്കണമെന്ന മണ്ഡലം കമ്മറ്റിയുടെ അഭിപ്രായം മറികടന്ന് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണം. ഇതിനിടെ ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ഉദ്ഘാടനം ശോഭാ സുരേന്ദ്രന് പകരം സി കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചതും വിവാദമായി.

ബിജെപി വിജയസാധ്യത കാണുന്ന പാലക്കാട് മണ്ഡലത്തില്‍ പ്രാദേശിക ഘടകത്തിന്റെ അഭിപ്രായം മറികടന്ന് ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ബിജെപി ജില്ലാ നേതൃത്വത്തിനുള്ളില്‍ കടുത്ത അമര്‍ഷത്തിന് കാരണമായത്.

ബിജെപിയുടെ ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശോഭാ സുരേന്ദ്രനെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇവരെത്തുന്നതിന് മുന്‍പേ സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തത് ജില്ലാ ഘടകം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് സൂചന. ശോഭാ സുരേന്ദ്രന്‍ എത്തിയപ്പോഴേക്കും ഉദ്ഘാടന പരിപാടി പൂര്‍ണ്ണമായും അവസാനിച്ചിരുന്നു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലം കമ്മറ്റികളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ പാലക്കാട് മണ്ഡലത്തില്‍നിന്നും ഭൂരിഭാഗം പേരും നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ സി കൃഷ്ണകുമാറിന്റെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നത്. കൃഷ്ണകുമാര്‍ മത്സരിച്ചാല്‍ ബിജെപിയ്ക്ക് പുറത്തുള്ള വോട്ടുകള്‍കൂടി നേടാന്‍ കഴിയുമെന്നാണ് ഇവരുടെ വാദം. ഇത് മറികടന്ന് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ രാജിയുള്‍പ്പടെയുള്ള കടുത്ത നടപടികളിലേക്ക് പോകാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

Top