ഗാംഗുലിക്ക് പേസ് ബൗളര്‍മാരെ നേരിടാന്‍ പേടിയാണെന്ന് പറയുന്നത് തെറ്റെന്ന് ഷൊയൈബ് അക്തര്‍

കറാച്ചി: ആളുകള്‍ പറയാറുള്ളത് ഗാംഗുലിക്ക് പേസ് ബൗളര്‍മാരെ നേരിടാന്‍ പേടിയാണെന്നാണ്. എന്നെ നേരിടാനും ഗാംഗുലിക്ക് പേടിയാണെന്ന് ആളുകള്‍ പറയാറുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. എന്നാല്‍, കരിയറില്‍ പന്തെറിഞ്ഞിട്ടുള്ളതില്‍ ഏറ്റവും ധീരനായ ബാറ്റ്‌സ്മാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണെന്ന് ഷൊയൈബ് അക്തര്‍ വെളിപ്പെടുത്തി. ഹലോ ലൈവില്‍ പങ്കെടുത്താണ് അക്തര്‍ ഇക്കാര്യം പറഞ്ഞത്.

പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കാനുള്ള ഷോട്ടുകള്‍ തന്റെ കൈവശമില്ലെന്ന് ഗാംഗുലിക്ക് നന്നായി അറിയാമായിരുന്നു. ഗാംഗുലിക്കെതിരെ പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ നെഞ്ച് ലക്ഷ്യമാക്കി പന്തെറിയാനാണ് ഞാനും എപ്പോഴും ശ്രമിച്ചിട്ടുള്ളത്. പക്ഷെ, അപ്പോഴൊന്നും ഒരിക്കലും അദ്ദേഹം ഭയന്ന് പിന്‍മാറിയിട്ടില്ല. മാത്രമല്ല, പേസ് ബൗളര്‍മാര്‍ക്കെതിരെ റണ്‍സടിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്. അതാണ് ധീരതയെന്നാണ് ഞാന്‍ കരുതുന്നത്-അക്തര്‍ പറഞ്ഞു.

തനിക്കെതിരെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്‍ ഗാംഗുലിയാണെന്നും അക്തര്‍ പറഞ്ഞു. ഗാംഗുലിയെക്കാള്‍ മികച്ചൊരു നായകന്‍ ഇന്ത്യക്ക് പിന്നീട് ഉണ്ടായിട്ടില്ലെന്നും അക്തര്‍ വ്യക്തമാക്കി.ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒരു പേരെ പറയാനുള്ളു. അത് സൗരവ് ഗാംഗുലിയുടേതാണ്. ഗാംഗുലിയേക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍ ഇന്ത്യക്കുണ്ടായിട്ടില്ല. ധോണിയും മികച്ച നായകനാണ്. പക്ഷെ ടീം കെട്ടിപ്പടുക്കുന്ന കാര്യം വരുമ്പോള്‍ ഗാംഗുലി ചെയ്തത് മഹത്തായ കാര്യമാണെന്ന് അക്തര്‍ പറഞ്ഞു.

Top