ഇന്ത്യയും പാക്കിസ്ഥാനും മത്സര പരമ്പരകള്‍ നടത്തി ഫണ്ട് കണ്ടെത്തണമെന്ന് മുന്‍പാക് താരം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപത്തെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഫണ്ട് കണ്ടെത്താന്‍ ക്രിക്കറ്റ് പരമ്പരയെന്ന് ആശയം മുന്നോട്ട് വച്ച് മുന്‍ പാക്കിസ്ഥാന്‍ താരം കൂടിയായ ഷോയ്ബ് അക്തര്‍. മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് പരമ്പരയാണ് അക്തര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം. ഇന്ത്യ-പാക്ക് പോരാട്ടങ്ങള്‍ എക്കാലത്തും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകയാല്‍ ഇതിലൂടെ വന്‍ തുക കണ്ടെത്താമെന്നാണ് അക്തറിന്റെ അഭിപ്രായം.

അതേസമയം, കശ്മീര്‍ വിഷയത്തിലുള്ള വിരുദ്ധ നിലപാടുകളെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തലാക്കിയിട്ട് ഒരു പതിറ്റാണ്ടു പിന്നിട്ടിരിക്കുകയാണ്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയ്ക്കെതിരെ നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് 2007നു ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ നടന്നിട്ടില്ല. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാകപ്പിലും മാത്രമാണ് ഇന്ത്യപാക്കിസ്ഥാന്‍ മത്സരങ്ങള്‍ നടക്കാറുള്ളൂ. ഏറ്റവുമൊടുവില്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖമെത്തിയത്.

ഈ മത്സരം ടെലിവിഷനില്‍ മാത്രം സംപ്രേക്ഷണം ചെയ്താല്‍ മതിയാകും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും വീടുകളില്‍ വെറുതെയിരിക്കുന്നതിനാല്‍ ടിവിയില്‍പ്പോലും മത്സരം കാണാന്‍ ഇഷ്ടം പോലെ ആളുണ്ടാകും. ചരിത്രത്തില്‍ ആദ്യമായി ഇരു രാജ്യങ്ങള്‍ക്കും ക്രിക്കറ്റിലൂടെ പരസ്പരം സഹായിക്കാനും ഒരവസരമാകും. ഈ മത്സരത്തില്‍നിന്ന് ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് ഇന്ത്യ, പാക്കിസ്ഥാന്‍ സര്‍ക്കാരുകള്‍ക്കായി തുല്യമായി വീതിക്കാവുന്നതേയുള്ളൂവെന്ന് അക്തര്‍ ചൂണ്ടിക്കാട്ടി.

Top