ഡോളര്‍ കടത്ത് കേസിൽ ശിവശങ്കർ അറസ്റ്റിൽ

കൊച്ചി : ഡോളര്‍ കടത്ത് കേസില്‍  എം.ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി അനുമതിയോടെയാണ് കസ്റ്റംസ് നടപടി. കേസിൽ ശിവശങ്കര്‍ നാലാം പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കൂടുതല്‍ പ്രവാസി മലയാളികളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നാസ് അബ്ദുല്ലയെ കസ്റ്റംസ് ചോദ്യം ചെയ്തു.

സ്പീക്കര്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് നാസിന്റെ പേരിലെടുത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്ത് കേസ് ഉയര്‍ന്നുവന്നതു മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാണ്.പൊന്നാനി സ്വദേശിയായ നാസ് അബ്ദുല്ല എടുത്ത സിം കാര്‍ഡ് ഏറെക്കാലം സ്പീക്കര്‍ ഉപയോഗിച്ചിരുന്നു എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്പീക്കര്‍ രഹസ്യ സിം കാര്‍ഡ് ഉപയോഗിച്ചിരുന്നോ എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് വിദേശ മലയാളികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Top