മഹാരാഷ്ട്രയിൽ വീണ്ടും കാവി സ്വപ്നം, ആവേശ തിമർപ്പിൽ അനുയായികൾ . . .

നാഴികക്ക് നാല്‍പ്പത് വട്ടം മോദിയെയും ബി.ജെ.പിയെയും വിമര്‍ശിക്കുന്ന ശിവസേന തലവന്റെ നാവില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത് മോദി സ്തുതി.ഒറ്റക്ക് മത്സരിച്ചാല്‍ പൊടി പോലും കാണില്ലെന്ന തിരിച്ചറിവിലാണ് ബി.ജെ.പിയുമായി സഖ്യമാകാന്‍ ശിവസേന തീരുമാനിച്ചിരുന്നത്. ബി.ജെ.പിയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതോടെ കാവി സഖ്യത്തിന് അത് പുതുജീവന്‍ നല്‍കിയിരിക്കുകയാണ്.

കോണ്‍ഗ്രസ്സിനേക്കാള്‍ ശക്തമായി മോദിയെ വിമര്‍ശിച്ച നാവുകളാണ് മോദിയുടെ രണ്ടാം ഊഴത്തിനായി ഇപ്പോള്‍ വോട്ടുകള്‍ ചോദിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും കടുത്ത വിമര്‍ശകനായ ശിവസേന നേതാവ് ഉദ്ധവ് താക്കറെ ബി.ജെ.പിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത് അണികളേയും ആവേശത്തിലാക്കിയിട്ടുണ്ട്. ലോക്സഭയില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് മുമ്പ് ആഞ്ഞടിച്ച ഉദ്ധവ് താക്കറെ ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ എഴുതുന്ന ലേഖനങ്ങളായിരുന്നു മോദിയെയും ബി.ജെപിയെയും ഇതുവരെ വേട്ടയാടിയിരുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനേക്കാള്‍ കടുത്ത ആരോപണങ്ങളാണ് ഉദ്ധവ് ഉയര്‍ത്തിയിരുന്നത്.

ശിവസേനയെ പ്രതിരോധിക്കാനാവാത്ത പ്രതിസന്ധിയിലായിരുന്നു മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വം. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരണപങ്കാളിയായിരിക്കുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പിയുമായി ഏറ്റുമുട്ടലിന്റെ പാത തന്നെയായിരുന്നു ശിവസേന പിന്തുടര്‍ന്ന് വന്നിരുന്നത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഉദ്ദവ് താക്കറെ കാവിസഖ്യത്തിന്റെ ഐക്യപ്രഖ്യാപനം നടത്തിയത്.

‘ഒരേ ആശയമുള്ള രണ്ടു പാര്‍ട്ടികള്‍ എന്തിനാണ് തമ്മിലടിക്കുന്നതെന്ന് പലരും ചോദിച്ചിരുന്നു. വിരുദ്ധ അഭിപ്രായത്തിന്റെ പേരില്‍ ഞങ്ങള്‍ക്ക് ചില ദുരനുഭവങ്ങളുണ്ടായി. എന്നാല്‍ അമിത് ഷാ വീട്ടിലെത്തി ചര്‍ച്ച നടത്തിയതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു കഴിഞ്ഞെന്നും’ ഉദ്ദവ് വ്യക്തമാക്കി.

എന്റെ പിതാവ് ബാല്‍താക്കറെ ഞങ്ങളെ പഠിപ്പിച്ചത് എന്തു ചെയ്താലും അത് പിന്നില്‍ നിന്നും ചെയ്യരുതെന്നും ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉയര്‍ത്തേണ്ടതെന്നുമാണ്. ഞങ്ങള്‍ ഒരിക്കലും പിന്നില്‍ നിന്നും കുത്തില്ലെന്നും ഉദ്ദവ് പറഞ്ഞു.

മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഉദ്ദവ് നിലപാട് മാറ്റി മോദിയെപ്പോലെ ഒരു നേതാവിനെ പ്രതിപക്ഷത്തിന് ഉയര്‍ത്തികാട്ടാനില്ലെന്നും പ്രസംഗത്തില്‍ തുറന്നടിച്ചു.25 വര്‍ഷമായി കാവിക്കൊടി പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ശിവസേനയും ബി.ജെ.പിയും. ഹിന്ദുത്വമെന്ന ആശയത്തില്‍ അടിയുറച്ച രണ്ട് പാര്‍ട്ടികളുടേയും ചിന്തകളും തത്വശാസ്ത്രവും നേതാവും ഒന്നാണെന്നും ഉദ്ദവ് അണികളെ ഒര്‍മിപ്പിച്ചു. കാവിക്കൊടി നമ്മള്‍ ഡല്‍ഹിയില്‍ വീണ്ടും ഉയര്‍ത്തുമെന്നും ഉദ്ദവ് നിറഞ്ഞ കരഘോഷത്തിനിടെ പറഞ്ഞു.

48 സീറ്റുള്ള മഹാരാഷ്ട്ര കേന്ദ്രഭരണം പിടിക്കാന്‍ എന്‍.ഡി.എക്ക് നിര്‍ണായകമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 34 സീറ്റും ബി.ജെ.പി ശിവസേന സഖ്യത്തിനായിരുന്നു. 18 സീറ്റില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ 16 സീറ്റുകള്‍ ശിവസേന സ്വന്തമാക്കി കോണ്‍ഗ്രസിന് കേവലം രണ്ട് സീറ്റും എന്‍.സി.പിക്ക് നാലു സീറ്റുകളുമേ നേടാനായുള്ളൂ.

കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ശിവസേനക്ക് ഒരു സീറ്റ് കൂടുതല്‍ നല്‍കാന്‍ ബി.ജെ.പി തയ്യാറായിട്ടുണ്ട്. ഇത്തവണ
ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മറാത്ത വികാരം ഉയര്‍ത്തുന്ന ശിവസേനക്ക് മഹാരാഷ്ട്രയില്‍ ശക്തമായ അടിത്തറയുണ്ട്. മറാത്ത വികാരവവും തീവ്രഹിന്ദുത്വവും തരംപോലെ ഉയര്‍ത്തിയാണ് ശിവസേന മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ബി.ജെ.പിയെക്കാള്‍ വലിയ ഹിന്ദുത്വപാര്‍ട്ടി തങ്ങളാണെന്ന നിലപാടാണ് ശിവസേനയെ നയിക്കുന്നത്.

യു.പി കഴിഞ്ഞാല്‍ ഏറ്റവും അധികം എം.പിമാരെ തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് മഹരാഷ്ട്ര. ഒരു കാരണവശാലും ഇവിടെ നിന്നും എം.പിമാര്‍ കുറയുന്നത് ബി.ജെ.പിക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയുന്നതല്ല. ആര്‍.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമായതിനാല്‍ മഹാരാഷ്ട്രയിലെ പതനം സംഘപരിവാര്‍ നേതൃത്വവും ആഗ്രഹിക്കുന്നില്ല. വിട്ടു വീഴ്ച ചെയ്തായാലും സഖ്യമുണ്ടാക്കാന്‍ ബി.ജെ.പി യോട് നിര്‍ദ്ദേശിച്ചത് തന്നെ ആര്‍.എസ്.എസ് നേതൃത്വമാണ്.

സഖ്യമില്ലങ്കില്‍ രണ്ടു പാര്‍ട്ടികളും മഹാരാഷ്ട്രയില്‍ വീഴുമെന്ന കാര്യം ശിവസേനയെ ബോധ്യപ്പെടുത്താനും ബിജെപിക്ക് കഴിഞ്ഞു. ഇതാണ് സഖ്യ സാധ്യതക്ക് വഴി തുറന്നത്.മഹാരാഷ്ട്രയില്‍ ഇരു പാര്‍ട്ടികളും സംയുക്ത പ്രചരണവും തുടങ്ങി കഴിഞ്ഞു. എന്‍സിപി -കോണ്‍ഗ്രസ് സഖ്യമാണ് ബിജെപി സഖ്യത്തിന്റെ പ്രധാന എതിരാളി.

Top