എം.എല്‍.എമാരെ ഒളിപ്പിച്ച് ശിവസേന; മഹാരാഷ്ട്രയിലും ‘റിസോര്‍ട്ട് തന്ത്രം’. . .

മുംബൈ: മഹാരാഷ്ട്രയില്‍ കാവല്‍സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു ദിവസം കൂടി മാത്രം ബാക്കി നില്‍ക്കെ ഇപ്പോഴും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബിജെപി ശിവസേന സഖ്യത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ശിവസേനയുടെ ചില നിര്‍ണായക നീക്കങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ പുറത്തുവരുന്നത്.

ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിനു ശേഷമാണ് ശിവസേന എം.എല്‍.എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്. രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റുന്നതെന്ന് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടിവി. റിപ്പോര്‍ട്ട് ചെയ്തു. ഉദ്ധവ് താക്കറേയുടെ വീട്ടില്‍നിന്ന് മിനുട്ടുകളുടെ ദൂരമേ ഈ ഹോട്ടലിലേക്കുള്ളു.

അതേസമയം എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നെന്ന വാര്‍ത്ത ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് നിഷേധിച്ചു. തങ്ങളുടെ എം.എല്‍.എമാര്‍ പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ളവരാണെന്നും കൂറുമാറ്റം ഭയന്ന് അവരെ മാറ്റേണ്ട ആവശ്യമില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപി കുതിരക്കച്ചവടം നടത്തുന്നുണ്ടെന്നും ശിവസേന എംഎല്‍എമാരെ ചിലര്‍ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുകയാണെന്നും മുഖപത്രമായ സാമ്നയിലൂടെ ഇന്ന് ശിവസേന ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ശിവസേന നിയമസഭാകക്ഷിയോഗം ചേര്‍ന്നത്.

Top