ദളിത് വിഷയത്തില്‍ പരാജയം; ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന

fadnavis

മുഖ്യമന്ത്രി ദേവേന്ദ്രനാഥ് ഫഡ്‌നാവിസിനെതിരെ ശിവസേന രംഗത്ത്. ഈയാഴ്ച രണ്ടാം തവണയാണ് ശിവസേനക്കാര്‍ ബിജെപി അധികാരത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദളിത് വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ശിവസേന രംഗത്തെത്തിയത്.

നേരത്തെ, ജനുവരി ഒന്നാം തിയതി ശിവസേന ഫഡ്‌നാവിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലും ഇതേകുറിച്ച് വിമര്‍ശനമുണ്ടായിരുന്നു. ജാതി കലഹങ്ങള്‍ സംസ്ഥാനത്തെ നശിപ്പിക്കുകയാണെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞിരുന്നു.

ഫഡ്‌നാവിസിന്റെ ഭരണം പൂര്‍ണ പരാജയമാണെന്നും,അദ്ദേഹത്തിന്റെ ഭരണത്തില്‍ മഹാരാഷ്ട്രയ്ക്ക് യാതൊരു പുരോഗതിയും ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടിമാത്രമാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രി പദത്തില്‍ നിലനിര്‍ത്തുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം വളരെ മോശമായ രീതിയിലാണ് തുടരുന്നത്. ഇതുവരെ ഫഡ്‌നാവിസിനെ സ്വീകരിക്കാന്‍ ശിവസേനയ്ക്ക് സാധിച്ചിട്ടില്ല. അതേസമയം ഫഡ്‌നാവിസുമായി നല്ല വ്യക്തിബന്ധമാണ് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ നിലനിര്‍ത്തുന്നത്.

ജനുവരി ഒന്നിന് നടന്ന ബിമ-കൊറെഗാവ് സംഭവവും, ദളിത് വിപ്ലവവും കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പറയുന്നു. ആഭ്യന്തരം എന്നത് ഭരണത്തിന്റെ നട്ടെല്ലാണ്, ആഭ്യന്തരം തകര്‍ന്നാല്‍ സംസ്ഥാനവും തകര്‍ന്നുവെന്നതാണ് വാസ്തവമെന്നും പത്രം പറയുന്നു. അതുപോലെ ആഭ്യന്തരം ഫഡ്‌നാവിസിന്റെ കൈകളില്‍ ഇത് സുരക്ഷിതമല്ലെന്നു മുഖപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം ബഹുജന്‍ മഹാസംഗ് അധ്യക്ഷനായ പ്രകാശ് അംബേദ്ക്കര്‍ക്കെതിരേയും സാമന വിമര്‍ശനം ഉന്നയിച്ചു. സമാധാനപരമായ ബന്ധാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളെ അദ്ദേഹത്തിനു പോലും നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും മുഖപത്രത്തില്‍ പറയുന്നു.

Top