എന്തുകൊണ്ട് ആര്‍എസ്എസുകാരെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് ശിവസേന

മുംബൈ : ആര്‍എസ്എസുകാരെ സംസ്ഥാന ഗവര്‍ണര്‍മാരായി നിയമിക്കാമെങ്കില്‍ എന്തുകൊണ്ട് അതേ പ്രസ്ഥാനത്തില്‍ നിന്നുള്ളയാളെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് ശിവസേന.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ശിവസേന നിര്‍ദേശത്തോട് ബിജെപി അനുകൂലമായി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് അവരുടെ പ്രതികരണം.

രാഷ്ട്രപതി സ്ഥാനത്തേക്ക് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഒരു ഹിന്ദു രാഷ്ട്രത്തിന്റെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി ഭാഗവതാണ്. ഗവര്‍ണര്‍മാരെ നിശ്ചയിക്കുന്ന രീതി നോക്കൂ. ആര്‍എസ്എസ് പ്രവര്‍ത്തകരെ ഗവര്‍ണര്‍മാരാക്കാമെങ്കില്‍, ഭാഗവതിനെ രാഷ്ട്രപതിയുമാക്കാമെന്നാണ് ശിവസേനയുടെ നിലപാടെന്ന് താക്കറെ പറഞ്ഞു.

അതേസമയം, എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് താക്കറെ വ്യക്തമായ ഉത്തരം നല്‍കിയില്ല. ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന നിര്‍ദേശം നടപ്പായില്ലെങ്കില്‍ ശരത് പവാറിനെ ആ സ്ഥാനത്തേക്കു പിന്തുണയ്ക്കുമോ എന്നു ചോദിച്ചപ്പോഴാണ് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയത്. ഇക്കാര്യത്തേക്കുറിച്ച് ഇതുവരെ സംസാരിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍, പവാര്‍ തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണെന്ന് താക്കറെ ചൂണ്ടിക്കാട്ടി. എന്‍ഡിഎ സര്‍ക്കാര്‍ അദ്ദേഹത്തിന് പദ്മവിഭൂഷണ്‍ ബഹുമതിയും നല്‍കിയിരുന്നു. എല്ലാവരുടെയും മനസില്‍ എന്താണെന്ന് ആര്‍ക്കറിയാമെന്നും താക്കറെ പറഞ്ഞു.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം ഒന്നായി തീരുമാനിച്ചാല്‍, ശരത് പവാറിന് നറുക്കുവീണേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Top