എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമം: ബിജെപിയ്‌ക്കെതിരെ തുറന്നടിച്ച് ശിവസേന മുഖപത്രം

മുംബൈ: മഹാരാഷ്ട്രയിലെ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്‌ന. ശിവസേന എംഎല്‍എമാരെ ചിലര്‍ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ശ്രമിക്കുകയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍നിന്നാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നുമാണ് സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നത്.

മഹാരാഷ്ട്ര ഭരിച്ചിരുന്ന മുന്‍ സര്‍ക്കാര്‍ മണി പവര്‍ ഉപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ആ സംസ്ഥാനത്ത കര്‍ഷകരെ സഹായിക്കാന്‍ ആരും തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്നും സാമ്നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്.രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദം പങ്കിടാമെന്ന വ്യവസ്ഥ ബി.ജെ.പി. അംഗീകരിക്കാതിരുന്നതോടെയാണ് മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി തര്‍ക്കം ഉടലെടുത്തത്. അതേസമയം മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.

Top